കൈവെട്ട് പ്രയോഗം പ്രതിരോധം മാത്രം ; സത്താര്‍ പന്തല്ലൂരിന് പിന്തുണയുമായി ഉമര്‍ ഫൈസി

കോഴിക്കോട്: എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരിന്റെ കൈവെട്ട് പരാമര്‍ശത്തില്‍ പിന്തുണയുമായി സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. കൈവെട്ടുമെന്ന പ്രയോഗം പ്രതിരോധത്തിന്റെ ഭാഗമായി മാത്രം കണ്ടാല്‍ മതി. പ്രഭാഷകര്‍ ഇത്തരം തെറ്റി ധാരണ ഉണ്ടാക്കുന്ന പ്രയോഗങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഈ പ്രയോഗത്തിന്റെ പേരില്‍ സത്താര്‍ പന്തല്ലൂരിനെ സമസ്ത തള്ളിപ്പറയില്ലെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. സത്താര്‍ പന്തല്ലൂര്‍ എന്‍ഡിഎഫ് പോലുള്ള തീവ്രസ്വഭാവമുള്ള സംഘടനകളെ ശക്തമായി എതിര്‍ക്കുന്ന വ്യക്തിയാണെന്നും ഉമര്‍ ഫൈസി മുക്കം തന്റെ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സത്താര്‍ പന്തല്ലൂരിനെതിരായ കേസുമായി മുന്നോട്ട് പോകുമെന്ന് അഷ്‌റഫ് കളത്തിങ്ങല്‍പാറ പറഞ്ഞു. യുവാക്കളെ പ്രകോപിപ്പിക്കുന്നതായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ പ്രസംഗം. പൊതുപ്രവര്‍ത്തകന്‍ എന്ന തരത്തിലാണ് പരാതി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്തയുടെ നേതാക്കള്‍ ഇങ്ങനെ സംസാരിക്കാറില്ല. സംഭവത്തില്‍ സമസ്തയ്ക്കും പരാതി നല്‍കും. മാറ്റി നിര്‍ത്തണോ എന്ന് തീരുമാനിക്കേണ്ടത് സമസ്തയാണെന്നും അഷ്‌റഫ് കളത്തിങ്ങല്‍ പാറ പറഞ്ഞു.

സത്താര്‍ പന്തല്ലൂരിനെതിരെ ഐപിസി 153 വകുപ്പ് പ്രകാരമാണ് മലപ്പുറം പൊലീസ് കേസെടുത്തിരിക്കുന്നത്. മലപ്പുറത്തെ മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനത്തിലായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ വിവാദ പ്രസംഗം. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാല്‍ കൈവെട്ടാന്‍ പ്രവര്‍ത്തകരുണ്ടാകും എന്നായിരുന്നു പരാമര്‍ശം.

അതേസമയം തീവ്രവികാരങ്ങള്‍ ഇളക്കിവിടുന്ന പരാമര്‍ശങ്ങള്‍ പാടില്ലെന്ന് സമസ്ത പ്രാസംഗികര്‍ക്ക് നിര്‍ദേശം നല്‍കി. മതസംഘടനയുടെ ഔന്നിത്യം പ്രസംഗത്തിലും ലേഖനത്തിലും കാത്തുസൂക്ഷിക്കണമെന്നാണ് നിര്‍ദേശം. സത്താര്‍ പന്തല്ലൂരിന്റെ കൈവെട്ട് പരാമര്‍ശത്തിന് പിന്നാലെയാണ് സമസ്തയുടെ നിര്‍ദേശം.

error: Content is protected !!