
തിരൂരങ്ങാടി : കെ എസ് ഇ ബി സെക്ഷന് കീഴിൽ വൈദ്യുതി മുടക്കം പതിവകുന്നതായി പരാതി. തിരൂരങ്ങാടി, വെന്നിയൂർ ഓഫീസുകൾക്ക് കീഴിലുള്ള പ്രദേശങ്ങളിലാണ് അനിയന്ത്രിതമായ വൈദ്യുതി മുടക്കമുള്ളത്.
തെന്നല, കൊടിഞ്ഞി, ചെമ്മാട് ടൗണ്‍, പയ്യോളി, ചെറുപ്പാറ, കടുവാളൂര്‍, കുറൂല്‍, കോറ്റത്തങ്ങാടി, ചെമ്മാട് കൊടിഞ്ഞി റോഡ്, ചെറുമുക്ക്, കുണ്ടൂര്‍, ചുള്ളിപ്പാറ പ്രദേശങ്ങളിലെല്ലാം വൈദ്യുതി മുടക്കം പതിവാണ്. മഴ തുടങ്ങിയാല്‍ ഇല്ലാതെയാകുന്ന വൈദ്യുതി പലപ്പോഴും മണിക്കൂറുകളും ദിവസങ്ങളും കാത്തിരുന്നാണ് വൈദ്യുതി പുനര്‍ സ്ഥാപിക്കുന്നത്. വെയില് ശക്തമായാല്‍ ലോഡ് താങ്ങുന്നില്ലെന്നും കലാവസ്ഥ വ്യതിയാനവും പറഞ്ഞും വൈദ്യുതി മുടങ്ങുന്ന സാഹചര്യമാണ്.
വെയിലായാലും മഴയായാലും വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണ് ഈ പ്രദേശങ്ങളില്‍. നിരന്തരമുള്ള വൈദ്യുതി മുടക്കം കാരണം വീട്ടിലെ ഉപകരണങ്ങളെല്ലാം തകരാറിലാകുന്ന സാഹചര്യവുമുണ്ട്.
കെ.എസ്.ഇ.ബിയുടെ സെഷന്‍ ഓഫീസുകളില്‍ വിളിച്ചാല്‍ കൃത്യമായ മറുപടി ലഭിക്കാത്ത അവസ്ഥയാണ്. ഇത് പലപ്പോഴും പ്രതിഷേധത്തിനും വാക്കേറ്റത്തിനും കാരണമാകാറുണ്ട്.
പെരുന്നാൾ ദിനത്തിന് തലേന്നും വൈദ്യുതി മുടങ്ങുന്ന അവസ്ഥയുണ്ടായി. ചെറിയ മഴ പെയ്താല്‍ പോലും വൈദ്യുതി ഓഫാക്കുകയാണ്. പിന്നീട് ഓണാക്കുമ്പോള്‍ ലോഡ് കൂടുതല്‍ കാരണം ഫീസ് പൊകുകയോ, ചേമ്പര്‍ കേടാകുകയോ ചെയ്യുന്ന അവസ്ഥയുമുണ്ട്.
അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി പകല്‍ സമയങ്ങളില്‍ നിരന്തരം വൈദ്യുതി മുടക്കവുമുണ്ടാകാറുണ്ട്. എന്നിട്ടും അവശ്യസമയങ്ങളില്‍ പോലും വൈദ്യുതി ഇല്ലാത്ത ആവസ്ഥയാണ്. ആഘോഷ വേളകളിലും വൈദ്യുതി മുടക്കത്തിന് കുറവില്ല. മതിയായ ജീവനക്കാർ ഇല്ലാത്തതും പ്രതിസന്ധിക്ക് കാരണമായി പറയുന്നുണ്ട്. കാലങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാൻ എം എൽ എ അടക്കമുള്ള ജനപ്രതിനിധികൾ ഗൗരവമായി എടുക്കുന്നില്ല എന്ന പരാതിയും വ്യാപകമാണ്.
കെ.എസ്.ഇ.ബി സെഷന് കീഴില്‍ അനിയന്ത്രിത വൈദ്യുതി മുടക്കത്തിനെതിരെ മുസ്്‌ലിം യൂത്ത്‌ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. തിരൂരങ്ങാടി, വെന്നിയൂര്‍ സെഷന് കീഴില്‍ മതിയായ ജീവനക്കാരില്ലാത്തതിനാലും മറ്റും അതിക സമയവും വൈദ്യുതി മുടക്കം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുകയാണ്.
ഈ സാഹചര്യത്തിലാണ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു.എ റസാഖിന്റെ നേതൃത്വത്തില്‍ തിരൂരങ്ങാടി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനിയറെ കണ്ട് നിവേദനം നല്‍കിയത്. ലോഡ് കൂടുതലാകുന്നത് കാരണവും തോട്ടം മഖലയിലൂടെ വൈദ്യുതി ലൈന്‍ കടന്നു പോകുന്ന സ്ഥലങ്ങളിലുമാണ് വലിയ പ്രശ്‌നങ്ങളുള്ളതെന്നും അത് പരിഹരിക്കാന്‍ മലപ്പുറം പക്കേജ് നടപ്പിലാക്കുന്നതിന് സര്‍ക്കാറിലേക്ക് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്നും എഞ്ചിനിയര്‍ അറിയിച്ചു.
അതേ സമയം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് യൂത്ത്‌ലീഗ് നേതൃത്വം നല്‍കുമെന്നും ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ അധികൃതര്‍ തെയ്യാറാകണമെന്നും യൂത്ത്‌ലീഗ് ആവശ്യപ്പെട്ടു.