അടിമാലി : കഞ്ചാവ് ബീഡി കത്തിക്കാന്‍ തീ ചോദിച്ച് എക്‌സൈസ് ഓഫീസിലെത്തിയ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് സഹിതം എക്‌സൈസിന്റെ പിടിയില്‍. തൃശ്ശൂരില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര വന്ന സംഘത്തിലെ കുട്ടികളാണ് കേസില്‍ പിടിച്ച വാഹനങ്ങള്‍ കിടക്കുന്നത് കണ്ട് വര്‍ക്ക് ഷോപ്പാണെന്ന് കരുതി ഇടുക്കി അടിമാലി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലേക്ക് തീ ചോദിച്ച് കയറിച്ചെന്നത്. യൂണിഫോമിട്ടവരെ കണ്ടതോടെ കുട്ടികള്‍ തിരിഞ്ഞോടിയെങ്കിലും പിടികൂടുകയായിരുന്നു. ഇവരില്‍ ഒരാളില്‍ നിന്ന് 5 ഗ്രാം കഞ്ചാവും രണ്ടാമത്തെയാളില്‍ നിന്നും ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. 2 പേര്‍ക്കെതിരെയും കേസെടുത്തു. ശേഷം രണ്ട് പേരെയും അധ്യാപകര്‍ക്കൊപ്പം വിട്ടയച്ചു. കേസിന്റെ വിശദാംശങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറും. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.