മലപ്പുറം : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിനായി മലപ്പുറം ജില്ലയില്‍ വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തി തുടര്‍നടപടി സ്വീകരിക്കുക, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ ചെലവുകളുടെ നിരീക്ഷണം, വോട്ടര്‍മാരെ പണം, മദ്യം, ലഹരി പദാര്‍ത്ഥങ്ങള്‍, മറ്റു സാമ്പത്തിക ഇടപാടുകള്‍തുടങ്ങിവ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് അറിയുകയും തടയുകയും ചെയ്യുക എന്നീ ചുമതലകളാണ് വിവിധ സ്‌ക്വാഡുകള്‍ക്ക്.
ഓരോ നിയമസഭാ മണ്ഡലത്തിലും മൂന്ന് വീതം ഫ്‌ളെയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീം, വീഡിയോ സര്‍വെയലന്‍സ് ടീം, വീഡിയോ വ്യൂയിങ് ടീം, രണ്ട് വീതം ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ് എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ഫ്‌ളെയിങ് സ്‌ക്വാഡ് (എഫ്.എസ്), സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീം (എസ്.എസ്.ടി), വീഡിയോ സര്‍വെയലന്‍സ് ടീം (വി.എസ്.ടി), ആന്റി ഡിഫേസ്‌മെന്റ് ടീം എന്നിവയാണ് ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തുക.
ജില്ലയിലെ 16 മണ്ഡലങ്ങളിലായി 48 ഫ്‌ളെയിങ് സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. മൂന്നു ഷിഫ്റ്റുകളിലായി ഓരോ മണ്ഡലത്തിലും 24 മണിക്കൂറും ഫ്‌ളെയിങ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. അസിസ്റ്റന്റ് ഡയറക്ടര്‍-4 (എ.ഡി.സി) പി. ബൈജുവാണ് ജില്ലാതല നോഡല്‍ ഓഫീസര്‍. ടീം ലീഡര്‍, എ.എസ്.ഐ റാങ്കില്‍ കുറയാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന്‍, ഒരു വീഡിയോഗ്രാഫര്‍, 3 മുതല്‍ 4 വരെ സായുധ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയതാണ് ഒരു ടീം.
മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ കണ്ടെത്തി റിപ്പോര്‍ട്ടു ചെയ്യുക, വോട്ടര്‍മാരെ ഏതെങ്കിലും തരത്തില്‍ ഭീഷണിപ്പെടുത്തിയോ പണം നല്‍കിയോ ഉപഹാരങ്ങള്‍, സൗജന്യ മദ്യം, ഭക്ഷണം എന്നിവ വാഗ്ദാനം ചെയ്‌തോ സ്വാധീനിക്കുന്നത് തടയുക എന്നിവയ്ക്കായി സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ നിരീക്ഷണം നടക്കും. സുതാര്യതയും മറ്റ് നടപടിക്രമങ്ങളും ഉറപ്പാക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ / സ്ഥാനാര്‍ത്ഥികള്‍ എന്നിവരുടെ പ്രചരണ ചെലവുകളുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവയും സംഘം സൂക്ഷ്മമായി നിരീക്ഷിക്കും. വീഡിയോ സര്‍വെയ്‌ലന്‍സ് ടീമിന്റെ സഹായത്തോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ റാലികള്‍, പൊതു യോഗങ്ങള്‍ മറ്റു പ്രധാന ചെലവുകള്‍ എന്നിവയുടെ വീഡിയോഗ്രാഫുകളും സംഘം നിരീക്ഷിക്കും.
ജില്ലയിലെ പ്രധാന റോഡുകള്‍, ജില്ലയുടെയും സംസ്ഥാനത്തിന്റെയും അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നതിനായുള്ള സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീം തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന മാര്‍ച്ച് 28 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. അനധികൃത മദ്യം, കൈക്കൂലി വസ്തുക്കള്‍, അല്ലെങ്കില്‍ വന്‍തോതില്‍ പണം, ആയുധങ്ങള്‍, വെടിമരുന്ന് എന്നിവയുടെ നീക്കം നിരീക്ഷിക്കുകയും അവരുടെ പ്രദേശത്തെ സാമൂഹിക വിരുദ്ധരുടെ നീക്കം നിരീക്ഷിക്കുകയും ചെയ്യുകയാണ് ചുമതല. കളക്ടറേറ്റ് ഫിനാന്‍സ് ഓഫീസര്‍ പിജെ തോമസ് ആണ് സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് സ്‌ക്വാഡിന്റെ ജില്ലാ നോഡല്‍ ഓഫീസര്‍. ടീം ലീഡര്‍, മൂന്നോ നാലോ സായുധ പോലീസ് ഉദ്യോഗസ്ഥരും അടങ്ങിയതാണ് ഒരു ടീം.
വിവിധ തദ്ദേശ സ്ഥാപന സെക്രട്ടറിമാരെയാണ് ഓരോ ഫ്‌ളെയിങ്, സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീമുകളുടെയും ടീം ലീഡര്‍ ആയി നിയമിച്ചിട്ടുള്ളത്. അതത് നിയോജകമണ്ഡലങ്ങളില്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരവും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ബാനറുകള്‍, കൊടിമരം തുടങ്ങിയവ സ്ഥാപിക്കുന്നതിനും നോട്ടീസ് ഒട്ടിക്കുന്നതിനും മറ്റുമായി സര്‍ക്കാരിന്റെയോ രേഖാമൂലമുള്ള അനുമതിയില്ലാതെ സ്വകാര്യ വ്യക്തികളുടെയോ ഭൂമി ഉപയോഗിക്കുന്നത് നിരീക്ഷിച്ച് നടപടിയെടുക്കുകയാണ് ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡിന്റെ ജോലി. തിരഞ്ഞെടുപ്പ് സമയത്തെ എല്ലാ നിര്‍ണായക സംഭവങ്ങളുടെയും വീഡിയോ പകര്‍ത്താനും ഇവര്‍ക്ക് ചുമതലയുണ്ട്. ഓരോ നിയോജക മണ്ഡലത്തിലും ഓരോ ടീം ഇതിനകം പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. ഓരോ ടീം കൂടി ഉടന്‍ ഫീല്‍ഡിലിറങ്ങും. അസിസ്റ്റന്റ് ഡയറക്ടര്‍-4 (എ.ഡി.സി) പി. ബൈജുവാണ് ജില്ലാതല നോഡല്‍ ഓഫീസര്‍. വിവിധ തദ്ദേശ സ്ഥാപന സെക്രട്ടറിമാരെയാണ് ടീം ലീഡറായി നിയമിച്ചിട്ടുള്ളത്. ഇവരെ കൂടാതെ ഓരോ ടീമിലും രണ്ട് പോലീസ് ഓഫീസര്‍മാര്‍, ഒരു വീഡിയോ ഗ്രാഫര്‍ എന്നിവരാണ് ഉണ്ടാവുക.
തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെയും പാര്‍ട്ടികളുടെയും പ്രചാരണച്ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി എക്സപെന്റിച്ചര്‍ മോണിറ്ററിങ് ടീം, വീഡിയോ സര്‍വെയ്‌ലന്‍സ് ടീം, വീഡിയോ വ്യൂവിങ് ടീം എന്നിവയും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഫിനാന്‍സ് ഓഫീസര്‍ പി.ജെ തോമസാണ് ഈ സ്‌ക്വാഡുകളുടെ നോഡല്‍ ഓഫീസര്‍. സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പരിപാടികള്‍ ശബ്ദസഹിതം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയാണ് വീഡിയോ സര്‍വെയ്‌ലന്‍സ് ടീമിന്റെ പ്രധാന ചുമതല. പരിപാടി നടക്കുന്ന സ്ഥലം, വേദി, ഇരിപ്പിടങ്ങളുടെ എണ്ണം, സ്ഥാനാര്‍ത്ഥികളുടെ കട്ടൗട്ടുകളുടെയും ബാനറുകളുടെയും പ്രസംഗപീഠത്തിന്റെയും വലിപ്പം, പ്രചാരണ വാഹനങ്ങള്‍ എന്നിവ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും സ്ഥാനാര്‍ത്ഥികളുടെ ചെലവിലേക്ക് ചേര്‍ക്കുകയും ചെയ്യും. വീഡിയോ സര്‍വെയ്‌ലന്‍സ് ടീം റെക്കോര്‍ഡ് ചെയ്ത് നല്‍കുന്ന വീഡിയോ നിരീക്ഷിച്ച് ചെലവ്, മാതൃകാ പെരുമാറ്റച്ചട്ട ലംഘനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കണ്ടെത്തുകയുമാണ് വീഡിയോ വ്യൂവിങ് ടീമിന്റെ പ്രധാന ചുമതല.
മാതൃകാ പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കുന്നിന് ജില്ലാതലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനക്ഷമമാണ്. കൂടാതെ പൊതുജനങ്ങള്‍ക്ക് സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ (C-VIGIL Mobile Application) മുഖേനയും പരാതി നല്‍കാം. ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോര്‍/ ആപ്പിള്‍ പ്ലേ സ്റ്റോര്‍ എന്നിവയില്‍ ലഭ്യമാണ്. സി-വിജില്‍ വഴി ഇതിനകം 25 പരാതികള്‍ ലഭിക്കുകയും സമയബന്ധിതമായി ഫീല്‍ഡ് പരിശോധന നടത്തി സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.