അടുക്കളയില്‍ കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ രണ്ടര വയസുകാരിയുടെ തലയില്‍ സ്റ്റീല്‍ പാത്രം കുടുങ്ങി ; രക്ഷകരായി അഗ്‌നിരക്ഷാസേന

കോഴിക്കോട്: വീട്ടിലെ അടുക്കളയില്‍ കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ തലയില്‍ സ്റ്റീല്‍ പാത്രം കുടുങ്ങിയ രണ്ടര വയസുകാരിക്ക് രക്ഷകരായി അഗ്നിരക്ഷാസേന. താമരശ്ശേരി അടിവാരം സ്വദേശി കൂളമടത്ത് പുളിക്കല്‍ ജംഷീദിന്റെ മകള്‍ രണ്ടര വയസുകാരി അസാ സഹറയുടെ തലയിലാണ് സ്റ്റീല്‍ പാത്രം കുടുങ്ങിയത്. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു സംഭവം. വീട്ടുകാരും മറ്റുള്ളവരും ഏറെ നേരെ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ മുക്കം അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.

സഹായവുമായി മുക്കം അഗ്‌നിരക്ഷാ നിലയത്തില്‍ എത്തിയ രണ്ടര വയസുകാരിയുടെ തലയില്‍ നിന്നും സ്റ്റില്‍ പാത്രം എടുക്കുന്നതിനായി ഒട്ടും വൈകാതെ തന്നെ സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങള്‍ കത്രിക, കട്ടര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് പാത്രം മുറിച്ചാണ് തലയില്‍ നിന്ന് വേര്‍പെടുത്തിയത്. സീനിയര്‍ ഫയര്‍ ഓഫീസര്‍ എന്‍ രാജേഷ്, സേനാംഗങ്ങളായ പിടി ശ്രീജേഷ്, എംസി സജിത്ത് ലാല്‍, എഎസ് പ്രദീപ്, വി സലീം, പി നിയാസ്, വൈപി ഷറഫുദ്ധീന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

error: Content is protected !!