ഡ്രൈവിങ് ടെസ്റ്റിലെ നിയന്ത്രണത്തില്‍ വ്യാപക പ്രതിഷേധം ; നിര്‍ദേശം പിന്‍വലിച്ച് മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ പ്രതിദിനം ഒരു കേന്ദ്രത്തില്‍ 50പേരുടെ ഡ്രൈവിങ് ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന നിര്‍ദേശം വന്നതിനു പിന്നാലെ മലപ്പുറത്ത് ഉള്‍പ്പെടെ വ്യാപക പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ നിര്‍ദേശം പിന്‍വലിച്ചതായി അറിയിച്ചു ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍.

ഏപക്ഷീയമായി 50 എണ്ണമാക്കി ചുരുക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് ടെസ്റ്റ് ഗ്രൗണ്ടില്‍ നടന്ന പ്രതിഷേധത്തിനിടെ ടെസ്റ്റിനെത്തിയവരും പൊലീസുമായി കയ്യാങ്കളിയുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ ഇന്ന് ഡ്രൈവിങ് ടെസ്റ്റിന് സ്ലോട്ട് ലഭിച്ചവര്‍ക്കെല്ലാം ടെസ്റ്റ് നടത്താനും ഗണേഷ് കുമാര്‍ നിര്‍ദേശിച്ചു.

ഇന്നലെയാണ് ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ട് ഗണേഷ് കുമാറിന്റെ നിര്‍ദേശം വന്നത്. ഇന്നലെ ചേര്‍ന്ന ആര്‍ടിഒമാരുടെ യോഗത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മന്ത്രി നിര്‍ദേശിച്ചത്. മെയ് ഒന്നു മുതല്‍ നടപ്പിലാക്കാനിരിക്കുന്ന പരിഷ്‌ക്കരണത്തിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണം പെട്ടെന്ന് ഏര്‍പ്പെടുത്തിയത്. ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ ടെസ്റ്റിന് എത്തിയവരോട് 50 പേര്‍ക്ക് മാത്രമേ ടെസ്റ്റ് നടത്തുകയുള്ളൂ എന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതാണ് പ്രതിഷേധത്തില്‍ കലാശിച്ചത്.

error: Content is protected !!