മലയാള ഭാഷാ വാരാചരണം: ശിൽപശാലയും പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു

മലപ്പുറം : മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി ഉദ്യോഗസ്ഥർക്കായി ഭരണഭാഷാ ശിൽപശാല സംഘടിപ്പിച്ചു. മലപ്പുറം സിവിൽ സ്റ്റേഷനിലെ ആസൂത്രണ ഹാളിൽ നടന്ന ചടങ്ങ് ജില്ലാ കളക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്തു. മാലിന്യമുക്ത പ്രതിജ്ഞ കളക്ടർ ചൊല്ലിക്കൊടുത്തു. എ.ഡി.എം ഇൻ ചാർജ് കെ. ലത അധ്യക്ഷത വഹിച്ചു.

ഭരണനിർവഹണത്തിതായി സാധാരണ ജനങ്ങൾക്ക് മനസിലാകുന്ന ഭാഷ ഉപയോഗിക്കണമെന്നും ഭാഷ ലളിതമായി കൈകാര്യം ചെയ്യാൻ പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തണമെന്നും കളക്ടർ പറഞ്ഞു. മാതൃഭാഷയ്ക്ക് പ്രാധാന്യം നൽകി ഭരണഭാഷയിൽ തന്നെ ഭരണനിർവഹണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചടങ്ങിൽ ജില്ലാതല ഭരണഭാഷാ സേവന പുരസ്‌കാരത്തിന് അർഹനായ ഓഡിറ്റ് വകുപ്പിലെ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ പി.ടി സന്തോഷിന് സംസ്ഥാന ഉദ്യോഗസ്ഥ ഭരണഭാഷാ ഔദ്യോഗിക ഭാഷാ വകുപ്പിന്റെ സദ്സേവന രേഖയും മൊമന്റോയും ക്യാഷ് അവാർഡും ജില്ലാ കളക്ടർ സമ്മാനിച്ചു.

ഭരണഭാഷാ ശിൽപശാലയിൽ ഔദ്യോഗിക ഭാഷാ വകുപ്പിലെ ഭാഷാ വിദഗ്ധൻ ഡോ.ആർ ശിവകുമാർ ക്ലാസെടുത്തു. ഔദ്യോഗിക ഭരണഭാഷാ പ്രയോഗങ്ങളുടെ പ്രാധാന്യവും അവയിൽ ശ്രദ്ധിക്കേണ്ട വസ്തുതകളും ഉദ്യോഗസ്ഥർക്ക് വിശദീകരിച്ചു. ഭരണഭാഷാമാറ്റം ലക്ഷ്യം കൈവരിക്കണമെങ്കിൽ ജനങ്ങളുടെ സഹകരണവും ഉദ്യോഗസ്ഥരുടെ പരിശ്രമവും മാധ്യമങ്ങളുടെയും ഭാഷാ വിദഗ്ധരുടെ പങ്കാളിത്തവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.മുഹമ്മദ് സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് കളക്ടർ സുമിത് കുമാർ താക്കൂർ, ഡെപ്യൂട്ടി കളക്ടർമാരായ ഡോ. ജെ.ഒ അരുൺ, അൻവർ സാദത്ത്, എസ്. സരിൻ, വിനോദ സഞ്ചാര വകുപ്പ് സെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!