സ്വർണം തേച്ചുപിടിപ്പിച്ച വസ്ത്രങ്ങളുമായി യുവാവ് കരിപ്പൂരിൽ പിടിയിൽ

കരിപ്പൂർ: സ്വർണം തേച്ചുപിടിപ്പിച്ച പാന്റ്സും ടീഷർട്ടും അടിവസ്ത്രവും ധരിച്ചെത്തിയ യാത്രക്കാരൻ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. ഷാർജയിൽനിന്നെത്തിയ നാദാപുരം സ്വദേശി എ. ഹാരിസ് ആണു പിടിയിലായത്. 3 വസ്ത്രങ്ങളുടെയും തൂക്കം 1.573 കിലോഗ്രാം ഉണ്ടെന്നും ഇവ കത്തിച്ചു സ്വർണം വേർതിരിച്ചെടുത്ത ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും കസ്റ്റംസ് അറിയിച്ചു. യാത്രക്കാരൻ ധരിച്ചെത്തിയ വസ്ത്രങ്ങളുടെ ഉള്ളിലായിരുന്നു സ്വർണം തേച്ചുപിടിപ്പിച്ചിരുന്നത്. 

ഒറ്റനോട്ടത്തിൽ കാണാതിരിക്കാനായി പുറമേ മറ്റൊരു തുണി തുന്നിപ്പിടിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം, സ്വർണം തേച്ച പാന്റ്സ് ധരിച്ചെത്തിയ തലശ്ശേരി മാമംകുന്ന് സ്വദേശി കെ.ഇസ്സുദ്ദീ (46)നെ‍ പൊലീസ് പിടികൂടിയിരുന്നു. വിമാനത്താവളത്തിനകത്തെ പരിശോധനകളിൽ പിടിക്കപ്പെടാതെ പുറത്തെത്തിയ ഇയാളെ കരിപ്പൂർ പൊലീസാണു കുടുക്കിയത്. പാന്റ്സ് കത്തിച്ച്, ഏകദേശം 50 ലക്ഷം രൂപ വിലവരുന്ന 978 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു.

നാല് യാത്രക്കാരിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണം പിടിച്ചു

ശരീരത്തിലും മറ്റും ഒളിപ്പിച്ചു സ്വർണം കടത്താൻ ശ്രമിച്ച 4 യാത്രക്കാർ എയർ കസ്റ്റംസിന്റെയും പ്രിവന്റീവ് കസ്റ്റംസിന്റെയും പിടിയിലായി. മലപ്പുറം മഞ്ചേരി നെല്ലിക്കുത്ത് പുതുകൊള്ളി ഫിറോസ് (30) ശരീരത്തിൽ ഒളിപ്പിച്ച 1.112 കിലോഗ്രാം സ്വർണമിശ്രിതവുമായാണ് പിടിയിലായത്. മമ്പുറം വെട്ടത്ത് ബസാർ കൊങ്ങശ്ശേരി ഫഹദ് (24) ശരീരത്തിൽ ഒളിപ്പിച്ച 438 ഗ്രാം മിശ്രിതവും 130 ഗ്രാം ആഭരണവും എയർ കസ്റ്റംസ് കണ്ടെടുത്തു. ദുബായിൽനിന്നെത്തിയ കൊടുവള്ളി സ്വദേശിയിൽനിന്ന് 1.120 കിലോഗ്രാം സ്വർണ മിശ്രിതവും കാസർകോട് സ്വദേശിയിൽനിന്ന് 120 ഗ്രാം സ്വർണവും കോഴിക്കോട് പ്രിവന്റീവ് കസ്റ്റംസ് പിടിച്ചെടുത്തു.

error: Content is protected !!