കൊച്ചി: കേരള ഹൈക്കോടതി വരാന്തയില്‍ യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ത്യശൂര്‍ സ്വദേശിയായ വിഷ്ണുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചപ്പോള്‍ പെണ്‍സുഹൃത്ത് മാതാപിതാക്കളോടൊപ്പം പോകാന്‍ തീരുമാനിച്ചതാണ് ആത്മഹത്യക്ക് കാരണം. ഹേബിയസ് കോര്‍പ്പസ് പരിഗണിക്കുന്ന ജസ്റ്റിസ് അനു ശിവരാമന്റെ ചേംബറിന് പുറത്തായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
വിഷ്ണു കുറച്ചു നാളുകളായി പെണ്‍സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. അതിനിടെ യുവതിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ യുവതിയെ കോടതിയില്‍ ഹാജരായപ്പോള്‍ ആര്‍ക്കൊപ്പം പോകണമെന്ന് കോടതി പെണ്‍കുട്ടിയോട് ചോദിച്ചു. മാതാപിതാക്കള്‍ക്കൊപ്പം പോയാല്‍ മതിയെന്ന് യുവതി മറുപടി നല്കി. ഇതേ തുടര്‍ന്ന് നിരാശനായ വിഷ്ണു ജഡ്ജിയുടെ ചേംബറിന് പുറത്തിറങ്ങിയതോടെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. വിഷ്ണുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.