തേങ്ങ ചിരകുന്നതിനിടെ ഗ്രൈന്‍ഡറില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

തേങ്ങ ചിരകുന്നതിനിടെ ഗ്രൈന്‍ഡറില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലത്താണ് ദാരുണമായ സംഭവം നടന്നത്. ഒറ്റപ്പാലം മിറ്റ്ന സ്വദേശി രജിത (40)ആണ് മരിച്ചത്. യുവതിയും ഭർത്താവ് വിജയരാഘവനുംചേർന്ന് നടത്തുന്ന ഒറ്റപ്പാലം മീറ്റ്നയിലെ ഹോട്ടലിൽവെച്ചാണ് സംഭവം.

ഭക്ഷണത്തിനായി തേങ്ങ ചിരവുമ്പോൾ കഴുത്തിലുണ്ടായിരുന്ന ഷാൾ ഗ്രൈൻഡറിൽക്കുടുങ്ങി മുറുകുകയായിരുന്നു. ഇതോടെ ഷാൾ കഴുത്തിലും മുറുകി. ഈ സമയം ഭർത്താവ് വിജയരാഘവൻ പുറത്ത് പാത്രം കഴുകുകയായിരുന്നു. അകത്തുചെന്ന് നോക്കിയപ്പോഴാണ് ഷാൾ കഴുത്തിൽ മുറുകിയനിലയിൽ കണ്ടത്. തുടർന്ന്, കണ്ണിയംപുറത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽക്കഴിയുന്നതിനിടെ തിങ്കളാഴ്ച രാത്രിയോടെയാണ് മരണം.

മൃതദേഹം സ്വകാര്യാശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മക്കൾ: അഞ്ജു, മഞ്ജു..

error: Content is protected !!