തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി കാര്‍ഡ് കേസില്‍ പിടിയിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് 24 വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെടുത്തു. അറസ്റ്റിലായ അഭി വിക്രമന്‍, ബിനില്‍ എന്നിവരുടെ ഫോണില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നുമാണ് കാര്‍ഡ് കണ്ടെടുത്തത്. വ്യാജ കാര്‍ഡുകള്‍ പരസ്പരം കൈമാറിയതിനും തെളിവ് ലഭിച്ചതായി പൊലീസ് പറയുന്നു. കേസില്‍ ഇതുവരെ പിടിയിലായവരെല്ലാം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരാണ്.
പിടിച്ചെടുത്ത കാര്‍ഡുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കാണിച്ച് വ്യാജമെന്ന് ഉറപ്പിച്ച ശേഷം തുടര്‍ നടപടിയുണ്ടാകും. കേസില്‍ അടൂരിലെ കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്നും സംശയമുണ്ട്. അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കും. സംശയ നിഴലിലുള്ള പലരും ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട പന്തളം സ്വദേശികളായ അഭി വിക്രം, ബിനില്‍, ഫെനി, ബിനില്‍, വികാസ് കൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറിയാണ് അഭി. കെ.എസ്.യു അടൂര്‍ മുന്‍ മണ്ഡലം പ്രസിഡന്റാണ് ഫെനി. ബിനില്‍ കെ.എസ്.യു ഏഴംകുളം മുന്‍ മണ്ഡലം പ്രസിഡന്റാണ്.