
കൊച്ചി: കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച രണ്ട് പൂര്‍വ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കഴിഞ്ഞ വര്‍ഷം ക്യാമ്പസില്‍ നിന്ന് പഠിച്ചിറങ്ങിയ ആഷിഖിനെയും ഷാരികിനെയുമാണ് പൊലീസ് പിടികൂടിയത്. ക്യാമ്പസിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയിലേക്കും അന്വേഷണം നീങ്ങുകയാണ്. ആഷിഖും ഷാരികും നല്‍കിയ നിര്‍ണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം. കേസിലെ പ്രധാന പ്രതി കൊല്ലം സ്വദേശിയായ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
അതേസമയം പിടിയിലായ വിദ്യാര്‍ത്ഥികളുടെ മൊഴിയില്‍ നിന്നാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കെതിരായ തെളിവുകള്‍ ലഭിച്ചത്. ആഷിക്കാണ് കഞ്ചാവ് എത്തിച്ചതെന്നും പിടിയിലായ രണ്ടാമന്റെ പങ്ക് അന്വേഷിച്ചു വരുകയാണെന്നും പൊലീസ് അറിയിച്ചു. കഞ്ചാവ് എത്തിച്ചത് കൊല്ലം സ്വദേശിയായ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് വേണ്ടിയാണെന്നാണ് ആഷിഖും ഷാലിക്കും മൊഴി നല്‍കിയത്. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ അക്കൗണ്ടില്‍ നിന്നാണ് കഞ്ചാവിനായി പണം നല്‍കിയതെന്നും പൊലീസിന് വിവരം ലഭിച്ചു.
കോളേജ് ഹോസ്റ്റലില്‍ നിന്നും രണ്ട് കിലോയിലേറെ കഞ്ചാവ് ശേഖരമാണ് പൊലീസ് ഇന്നലെ പിടിച്ചെടുത്തത്. സംഭവത്തില്‍ 2 എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറില്‍ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്‌ഐആറില്‍ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസില്‍ പ്രതികള്‍. ചെറിയ അളവാണ് പിടിച്ചെടുത്തത് എന്ന കാരണം പറഞ്ഞ് അഭിരാജിനെയും ആദിത്യനെയും പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.