എസ് വൈ എസ് സ്‌മൃതി സംഗമം പ്രൗഢമായി
തിരൂരങ്ങാടി | 1921 ലെ മലബാർ കലാപം ഹിന്ദു വിരുദ്ധമായിരുന്നുവെങ്കിൽ ആദ്യം തകർക്കപ്പെടേണ്ടിയിരുന്നത് കോട്ടക്കൽ ആര്യവൈദ്യ ശാലയായിരുന്നുവെന്ന് ഡോ കെ ടി ജലീല്‍ എം എല്‍ എ.മലബാര്‍ സമര വാര്‍ഷികത്തോടനുബന്ധിച്ച് ‘1921; സ്വാതന്ത്ര സമരത്തിന്റെ സ്മൃതി കാലങ്ങള്‍’ എന്ന പ്രമേയത്തിൽ എസ്.വൈ.എസ് തേഞ്ഞിപ്പലം സോൺ കമ്മിറ്റി സംഘടിപ്പിച്ച സ്മൃതി സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വൈദേശിക വിരുദ്ധ പോരാട്ടങ്ങളുടെ ഏറ്റവും തീവ്രമായ മുഖമായിരുന്നു 1921ലെ സമരമെന്നും 100 വർഷങ്ങൾക്കിപ്പുറവും സമര പോരാളികൾ സ്മരിക്കപ്പെടുന്നത് അവർ നടത്തിയ പോരാട്ടം വൃഥാവിലായിരുന്നില്ലെന്നതിന്റെ
തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം സ്വാതന്ത്ര സമരത്തെ ശിപായി ലഹളയാക്കിയ ബ്രിട്ടീഷുകാർ തന്നെയാണ് 1921 ലെ മലബാർ സമരത്തെ മാപ്പിള ലഹളയാക്കി ചിത്രീകരിച്ചത്. മതം നോക്കിയല്ല സമരക്കാർ ആക്രമണം നടത്തിയത്, മറിച്ച് ബ്രിട്ടീഷ് അനുകൂലിയാണോ എന്ന് നോക്കിയാണ്.
ബ്രിട്ടിഷ് അനുകൂലികൾ ഒളിച്ചിരുന്നതിനാലാണ് സമരക്കാർ ആരാധനാലയങ്ങൾ ആക്രമിച്ചത്. ഇത്തരത്തിൽ പള്ളിയും അമ്പലവുമെല്ലാം ആക്രമിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിൽ നിന്നും മലബാർ കലാപത്തേക്കുറിച്ച് തെറ്റായ റിപ്പോർട്ട് നൽകിയത് കൊണ്ടാണ് അംബേദ്കറും മഹത്വമാഗാന്ധിയും സമരത്തെ അംഗീകരിക്കാതിരുന്നതെന്നും ചരിത്ര ഗവേഷണ കൗൺസിൽ യഥാർത്ഥ ചരിത്രകാരൻമാരിലേക്ക് തിരിച്ചു വരുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ എസ് വൈ എസ് തേഞ്ഞിപ്പലം സോണ്‍ പ്രസിഡന്റ് കെ ടി ബഷീര്‍ അഹ്‌സനി അധ്യക്ഷത വഹിച്ചു. പ്രൊഫ എ പി അബ്ദുൽ വഹാബ്,എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ്, യൂത്ത് കൊൺഗ്രെസ് സംസ്ഥാന സെക്രട്ടറി നിതീഷ് പി പള്ളിക്കല്‍, ജില്ലാ പഞ്ചായത്തംഗം ടി പി എം ബഷീര്‍, എസ് വൈ എസ് ജില്ലാ സെക്രട്ടറി അബ്ദുല്‍ മജീദ് അഹ്‌സനി, മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് മുഹമ്മദ് മുസ്ലിയാര്‍,മുഹമ്മദ് ഹാജി മൂന്നിയൂര്‍, വി അനീസുദ്ധീന്‍ സഖാഫി, ഷരീഫ് വെളിമുക്ക്, സിറാജുദ്ധീന്‍ സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു. സ്മൃതി സംഗമത്തോടനുബന്ധിച്ച് സമരപ്പാട്ട്, പ്രകീര്‍ത്തന സദസ്സ് എന്നിവയും നടന്നു.