കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവിധ തസ്തികകളിലേക്ക് സ്ഥിരനിയമനം നടക്കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായി രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അറിയിച്ചു.
അടുത്തിടെ സര്‍വകലാശാലാ പ്രസ്സിലേക്ക് കൗണ്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് നല്‍കിയ വിജ്ഞാപനം തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജോലിയാണ്, ഭാവിയില്‍ സ്ഥിരപ്പെടാം എന്ന മട്ടില്‍ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ നടത്തിയ പ്രചാരണത്തില്‍ നിരവധി പേര്‍ തെറ്റിധരിക്കാനിടയായി. പന്ത്രണ്ടായിരത്തിലധികം അപേക്ഷകളാണ് ഇതിനകം സര്‍വകലാശാലയില്‍ ലഭിച്ചത്. അപേക്ഷാ സമര്‍പ്പണത്തിനും വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്നതിനും ചില ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ വലിയ തുക ഫീസിനത്തിലും ഈടാക്കുന്നതായും ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു.
സര്‍വകലാശാലയിലേക്കുള്ള നിയമനങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക വെബ്സൈറ്റിലും പത്രമാധ്യമങ്ങളിലും സര്‍വകലാശാല നല്‍കുന്ന വിജ്ഞാപനങ്ങള്‍ മാത്രമാണ് ആധികാരികം. തെറ്റായ പ്രചാരണങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത കാണിക്കണം. അല്ലാതെയുണ്ടാകുന്ന കഷ്ട നഷ്ടങ്ങള്‍ക്ക് സര്‍വകലാശാല ഉത്തരവാദിയായിരിക്കില്ലെന്നും രജിസ്ട്രാര്‍ അറിയിച്ചു