ആഗോള നിലവാരത്തിലേക്ക് സര്‍വകലാശാലകളെ ഉയര്‍ത്തുന്നതിനുള്ള കേന്ദ്രസര്‍ക്കാറിന്റെ ‘ മേരു ‘ ( മള്‍ട്ടി ഡിസിപ്ലിനറി എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് യൂണിവേഴ്‌സിറ്റി ) പദ്ധതിയില്‍ കാലിക്കറ്റ് സര്‍വകലാശാലയും. 100 കോടി രൂപയാണ് പദ്ധതിപ്രകാരം ലഭിക്കുക. പ്രധാന്‍ മന്ത്രി ഉച്ചതാര്‍ ശിക്ഷാ അഭിയാന്‍ പ്രകാരം 60 കോടി രൂപ കേന്ദ്രസര്‍ക്കാറും 40 കോടി സംസ്ഥാന സര്‍ക്കാറും ലഭ്യമാക്കും.
പരീക്ഷാഭവന്‍ നവീകരണത്തിന് രണ്ട് കോടിരൂപ, ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തിന് 1.7 കോടി രൂപ, ഹിന്ദിപഠനവകുപ്പിന്റെ ആധുനികവത്കരണത്തിന് 1.66 കോടി, മാധവ ഒബ്‌സര്‍വേറ്ററിക്ക് 50 ലക്ഷം, റേഡിയ സി.യു. സ്‌റ്റേഷന്‍ നിര്‍മാണത്തിന് 10 ലക്ഷം, കേരള മീഡിയ ആര്‍ക്കൈവ് സ്ഥാപിക്കാന്‍ 1.5 കോടി, പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ഇന്‍ക്യുബേഷന്‍ കേന്ദ്രത്തിന് 1.79 കോടി തുടങ്ങി 26 പ്രധാന പദ്ധതികള്‍ കാലിക്കറ്റ് സര്‍വകലാശാല സമര്‍പ്പിച്ചിരുന്നു. ഇന്റഗ്രേറ്റഡ് പി.ജി.-നാല് വര്‍ഷ ബിരുദം എന്നിവക്ക് ക്ലാസ്‌റൂം, ലാബ്, ലൈബ്രറി സൗകര്യങ്ങളൊരുക്കാന്‍ മൂന്ന് കോടിയില്‍പരം രൂപയുടെ പദ്ധതികളും ഇതില്‍ ഉള്‍പ്പെടും.
കാലിക്കറ്റിന് കീഴിലെ കോളേജുകളായ കോഴിക്കോട് ഗുരുവായൂരപ്പന്‍, എം.ഇ.എസ്. കല്ലടി, ഡബ്ല്യു.എം.ഒ. മുട്ടില്‍ എന്നിവക്ക് അഞ്ച് കോടി രൂപ വീതം ലഭിച്ചിട്ടുണ്ട്. അധികാരപരിധിയും വിദ്യാര്‍ഥികളുടെ എണ്ണവും കണക്കിലെടുത്താല്‍ കേരളത്തിലെ ഏറ്റവും വലിയ സര്‍വകലാശാലയാണ് കാലിക്കറ്റ്. മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള കാലിക്കറ്റിന് കഴിഞ്ഞ യു.ജി.സി. നാക് അംഗീകാര പരിശോധനയില്‍ എ പ്ലസ് ഗ്രേഡ് ലഭിച്ചിരുന്നു. ഗവേഷണ രംഗത്തെ മികവും സ്ഥിരാധ്യാപക നിയമനവും പുതിയ കോഴ്‌സുകള്‍ ആരംഭിച്ചതുമെല്ലാം കാലിക്കറ്റിന് നേട്ടമായി. സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിർദ്ദേശിക്കുന്ന പദ്ധതികൾ യഥാസമയം നടപ്പാക്കുന്നതും പദ്ധതിക്ക് പരിഗണിക്കാന്‍ സഹായകമായി.
നേട്ടത്തിന് വേണ്ടി പ്രയത്‌നിച്ച എല്ലാവകുപ്പ് മേധാവികളെയും ജീവനക്കാരെയും വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അഭിനന്ദിച്ചു. പദ്ധതിയുടെ വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനം വേണമെന്നും വി.സി. അഭ്യര്‍ഥിച്ചു. 2026 മാര്‍ച്ച് 31-നകം പദ്ധതികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്ന് രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അറിയിച്ചു.