പെരിന്തൽമണ്ണ: പാലക്കാട്- കോഴിക്കോട് ദേശീയ പാതയിൽ അരിപ്ര മുതൽ നാട്ടുകൽ വരെയുള്ള ഭാഗത്തെ നവീകരണപ്രവൃത്തിയിൽ സർക്കാരിന് 7.19 കോടി രൂപ നഷ്ടംവരുത്തിയതായി ധനകാര്യവിഭാഗം റിപ്പോർട്ട്. 23 കിലോമീറ്റർ ദൂരം റോഡ് വീതികൂട്ടി ഉപരിതലം ബലപ്പെടുത്തുന്ന പ്രവൃത്തിയാണ് നഷ്ടമുണ്ടാക്കിയത്. എസ്റ്റിമേറ്റ് പ്രകാരം നിർവഹിക്കേണ്ട പ്രവൃത്തിയിൽ കൃത്രിമംകാണിച്ച് സർക്കാരിന് ഭീമമായ നഷ്ടമുണ്ടാക്കിയ കരാർ സ്ഥാപനത്തിന്റെ കരാർ ലൈസൻസ്, ഉടമയുടെ ലൈസൻസ് എന്നിവ റദ്ദാക്കി കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് ഭരണവകുപ്പ് പരിശോധിച്ച് തുടർനടപടി കൈക്കൊള്ളണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ.
അസംസ്കൃത ഇനങ്ങളുടെ കനവും നിലവാരവുംകുറച്ച് സർക്കാരിന് നഷ്ടവരുത്തിയ കരാറുകാരനെതിരേ നടപടിയെടുക്കുന്നതിൽ വീഴ്ചവരുത്തിയ എക്സിക്യുട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ, ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്‌സ്‌മാൻ എന്നിവർക്കെതിരേ കർശന വകുപ്പുതല അച്ചടക്കനടപടി സ്വീകരിക്കണം. സർക്കാരിന് നഷ്ടമുണ്ടാക്കിയതായി കണക്കാക്കിയ തുക ഈ ഉദ്യോഗസ്ഥരുടെ തുല്യബാധ്യതയായി കണക്കാക്കണം. ഇവരിൽനിന്ന് തുക ഈടാക്കുന്നതിന് റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ അടിയന്തര നടപടി പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കണമെന്നും റിപ്പോർട്ട് ശുപാർശചെയ്യുന്നു.
പ്രവൃത്തിയുടെ ടെൻഡർ നടപടികളിൽ സ്വജനപക്ഷപാതവും നിർവഹണത്തിൽ ക്രമക്കേടും ആരോപിച്ച് 2020 ജനുവരിയിൽ ലഭിച്ച പരാതിയിലാണ് ധനകാര്യ വിഭാഗം പരിശോധന നടത്തിയത്. ചീഫ് ടെക്‌നിക്കൽ എക്സാമിനറുടെ (സി.ടി.ഇ.) കാര്യാലയത്തിലെ സാങ്കേതികവിദഗ്ധരും സംയുക്ത പരിശോധനയിൽ പങ്കെടുത്തിരുന്നു. തിരൂർക്കാട്, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ, കരിങ്കല്ലത്താണി എന്നിവിടങ്ങളിൽനിന്ന് റോഡിന്റെ സാമ്പിൾ ശേഖരിക്കുകയും ചെയ്തിരുന്നു.
അസംസ്കൃത വസ്തുക്കളുടെ പരിശോധനാഫലം അവലോകനം ചെയ്തതിൽ അളവുകളിൽ കുറവുള്ളതായി കണ്ടെത്തി. ക്വാളിറ്റിവിഭാഗം തയ്യാറാക്കിയ ടെസ്റ്റ് റിപ്പോർട്ടുകളും ഫൈനൽ ബില്ലും താരതമ്യപ്പെടുത്തിയപ്പോൾ വന്നിട്ടുള്ള നഷ്ടം 7,19,42,216 രൂപയാണെന്ന് ചീഫ് ടെക്‌നിക്കൽ എക്സാമിനർ സാക്ഷ്യപ്പെടുത്തിയെന്നാണ് റിപ്പോർട്ടിൽ. 2018-ൽ 52 കോടി രൂപ എസ്റ്റിമേറ്റ്ചെയ്ത പ്രവൃത്തി 41 കോടി രൂപയ്ക്കാണ് കരാർ നൽകിയത്. പിന്നീട് പലതവണയായി എസ്റ്റിമേറ്റ് റിവൈസ് ചെയ്തിരുന്നു.
ദേശീയ വിവരാവകാശക്കൂട്ടായ്മ സംസ്ഥാന കോഡിനേറ്ററും തിരൂർക്കാട് സ്വദേശിയുമായ അനിൽ ചെന്ദ്രത്തിൽ ആണ് 2020-ൽ പ്രവൃത്തിയിലെ ക്രമക്കേടുകൾ സംബന്ധിച്ച് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ധനകാര്യ പരിശോധന വകുപ്പിന്റെ നടപടി. അഞ്ചുവർഷമായി നിരന്തരമായ ഇടപെടലിന്റെ ഭാഗമായാണ് ഇത്തരം ഒരു ഉത്തരവ് വന്നതെന്ന് അനിൽ പറഞ്ഞു.