മിനി ഊട്ടിയില്‍ സ്‌കൂള്‍ ബസ്സിനു പിറകില്‍ ബൈക്കിടിച്ച് 16 കാരന് ദാരുണാന്ത്യം

മലപ്പുറം: മിനി ഊട്ടിയില്‍ സ്‌കൂള്‍ ബസ്സിനു പിറകില്‍ ബൈക്കിടിച്ചു ഗുരുതര പരുക്കേറ്റ 16 കാരന്‍ മരിച്ചു. വേങ്ങര കിളിനക്കോട് സ്വദേശി വില്ലന്‍ വീട്ടില്‍ കമറുദ്ദൂന്റെ മകന്‍ സിനാന്‍ ആണ് മരിച്ചത്. സിനാന്‍ ചേറൂർ പിപിടിഎംവൈ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിയാണ്. കൂടെയുണ്ടായിരുന്ന സുഹൃത്ത്, കിളിനക്കോട് കഴുങ്ങുംതോട്ടത്തിൽ സിറാജിന്റെ മകൻ സിനീജിന് (16) പരുക്കേറ്റു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം.

ഇന്നലെ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം മിനി ഊട്ടിയിലേക്ക് പോകുംവഴി എൻഎച്ച് കോളനി അമ്പലപ്പടിയിലാണ് അപകടം. റോഡരികിൽ കുട്ടികളെ ഇറക്കാൻ നിർത്തിയ എൻഎച്ച് കോളനി ഗവ. വെൽഫെയർ യുപി സ്‌കൂൾ ബസിനു പിന്നിൽ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ സിനാനെയും സിനീജിനെയും നാട്ടുകാർ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സിനാന്റെ ജീവൻ രക്ഷിക്കാനായില്ല. സിനീജ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇവർക്കൊപ്പമുണ്ടായിരുന്ന, കിളിനക്കോട് കരുമ്പൻ ഹംസയുടെ മകൻ മുഹമ്മദ് ഫായിസ് (15) നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിനാന്റെ കബറടക്കം ഇന്ന് കിളിനക്കോട് ജുമാ മസ്ജിദിൽ നടക്കും. മാതാവ് ആസ്യ. സഹോദരങ്ങൾ: മുഹമ്മദ് ഹസ്മിൻ, മുഹമ്മദ് ഷെഫിൻ, മുഹമ്മദ് ഷമാസ്, മുഹമ്മദ് ഷെസിൻ.

error: Content is protected !!