മദ്യവും ടച്ചിംഗ്‌സും വാങ്ങിയതില്‍ ഷെയര്‍ ഇട്ടത് കുറഞ്ഞെന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ 19 കാരന്‍ അമ്മാവനെ അടിച്ചു കൊന്നു. മധ്യപ്രദേശിലെ ജബല്‍പൂരിലെ ഡിയോരി തപരിയ ഗ്രാമത്തിലാണ് സംഭവം നടന്നത്. ‘മന്നു’ എന്ന് വിളിക്കുന്ന മനോജ് താക്കൂര്‍ എന്ന 26കാരനാണ് കൊല്ലപ്പെട്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അനന്തരവനായ ‘അഭി’ എന്ന് വിളിക്കുന്ന ധരം താക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് മനോജ് വീട്ടില്‍ നിന്നിറങ്ങിയത്. അതിന് ശേഷം ഇയാള്‍ തിരിച്ചുവന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രദേശത്തെ കൃഷിസ്ഥലത്ത് മനോജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 340 രൂപയ്ക്ക് മദ്യവും 60 രൂപയ്ക്ക് കോഴിയിറച്ചിയും ഇരുവരും വാങ്ങിയിരുന്നു. ശേഷം ഗ്രാമത്തിലെ പാടത്തിനടുത്ത് ഇരുന്ന് മദ്യപിക്കാന്‍ തീരുമാനിച്ചു. ഇതിനിടെയാണ് മദ്യവും ചിക്കനും വാങ്ങാന്‍ കുറച്ചുപണം മാത്രമാണ് നല്‍കിയതെന്ന് പറഞ്ഞ് മനോജ് ധരമിനെ ശകാരിക്കാന്‍ തുടങ്ങിയത്. തര്‍ക്കം മുറുകിയതോടെ ചിക്കന്‍ പാകം ചെയ്യാനായി കൊണ്ടുവന്ന വിറക് കഷണം കൊണ്ട് മനോജ് ധരമിനെ മര്‍ദിക്കാന്‍ തുടങ്ങി. ഇതില്‍ ക്ഷുഭിതനായ ധരം മനോജിനെ ക്രൂരമായി മര്‍ദിച്ചു. ഇതാണ് മനോജിന്റെ മരണത്തിലേക്ക് നയിച്ചത്. മനോജിനെ കൊല്ലാനുപയോഗിച്ച വിറകുകഷണവും സംഭവസ്ഥലത്ത് നിന്ന് പോലീസിന് കണ്ടെടുത്തു.