Wednesday, September 2

എന്താണ് ഷിഗല്ല ? പ്രധാന ലക്ഷണങ്ങൾ എന്തൊക്കെ ?

ഷിഗല്ല; അതീവശ്രദ്ധ പാലിക്കണം – ഡി.എം.ഒ
ജില്ലയിൽ ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ കൂടുതലും കുട്ടികളെയാണ് ബാധിക്കുന്നത്. രോഗം ബാധിച്ചാൽ വളരെ പെട്ടന്ന് നിർജലീകരണം സംഭവിച്ചു അപകടവസ്ഥയിൽ ആവാൻ സാധ്യത ഉള്ളതിനാൽ പ്രത്യേക ശ്രദ്ധവേണമെന്നും ഡി. എം.ഒ അറിയിച്ചു. ഐസ്, ഐസ്ക്രീം, സിപ്പ് – അപ്പ് എന്നിവ ഉണ്ടാക്കുന്നതിന്ന് ഉപയോഗിക്കുന്ന വെള്ളം ശുദ്ധവും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിന് പരിശോധനകള്‍ നടത്തുന്നതിനും നിയമ ലംഘനങ്ങൾക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഭക്ഷണ പാനീയങ്ങള്‍ വില്‍ക്കുന്നതും നിര്‍മിക്കുന്നതുമായ സ്ഥാപനങ്ങളില്‍ കര്‍ശനമായ പരിശോധന നടത്തുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

എന്താണ് ഷിഗല്ല
ഷിഗല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് അധവാ ഷിഗല്ല രോഗബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഷിഗല്ല രോഗത്തിന്റെ പ്രധാന ലക്ഷണം. മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ്ഷിഗല്ലരോഗം പകരുന്നത്. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാലും രോഗം വ്യാപിക്കും. ഷിഗല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങള്‍ പ്രകടമാകും. ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ ചികിത്സ തേടണം.
പ്രധാന ലക്ഷണങ്ങൾ
വയറിളക്കം, രക്തവും പഴുപ്പും കലര്‍ന്ന മലം, അടിവയറ്റിലെ വേദന, പനി, ഛര്‍ദ്ദി, നിര്‍ജലീകരണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ ബാധിച്ചാലും ചില കുട്ടികളില്‍ ലക്ഷണങ്ങള്‍ കാണില്ല. പക്ഷേ അവരുടെ മലത്തിലൂടെ ബാക്ടീരിയ പുറത്ത് വരുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് രോഗം പകരാം. കൃത്യ സമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ രോഗം തലച്ചോറിനെയും വൃക്കയെയും ബാധിക്കുന്നതും മരണം സംഭവിക്കാവുന്നതുമാണ്.


ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
●തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും പാകം ചെയ്യാനും ഉപയോഗിക്കുക.
●പൂര്‍ണ്ണമായും വേവിച്ച ഭക്ഷണം കഴിക്കുക.
●കുടിവെള്ള സ്രോതസ്സുകള്‍ സമയാസമയങ്ങളില്‍ ക്ലോറിനേറ്റ് ചെയ്യുക.
●ആഹാരസാധനങ്ങള്‍ അടച്ചുസൂക്ഷിക്കുകയും, പഴകിയ ആഹാരം കഴിക്കാതിരിക്കുകയും ചെയ്യുക.
●ആഹാരസാധനങ്ങളില്‍ ഈച്ച പോലുള്ള പ്രാണികളുടെ സമ്പര്‍ക്കം ഒഴിവാക്കുക.
●കഴിയുന്നതും വീട്ടിലുണ്ടാക്കുന്ന ആഹാരസാധനങ്ങള്‍ കഴിക്കുക.
●പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക.
●മുട്ട പുഴുങ്ങുന്നതിന് മുമ്പ് നന്നായി കഴുകുക.
●ഭക്ഷണത്തിന് മുമ്പും മലമൂത്ര വിസര്‍ജനത്തിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.
●വയറിളക്കം ഉണ്ടായാല്‍ ഉടന്‍തന്നെ ഒ.ആര്‍.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം മുതലായവ കുടിക്കുക.
●വ്യക്തി ശുചിത്വം, ആഹാര ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കുക.
●രോഗത്തിന് കൃത്യമായ ചികിത്സ തേടുക.