Wednesday, September 2

ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന് അച്ഛന്‍ വിഷം നല്‍കിയ 14 കാരി മരണത്തിന് കീഴടങ്ങി

കൊച്ചി: എറണാകുളം ആലുവയില്‍ ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന് അച്ഛന്‍ വിഷം നല്‍കിയ 14 കാരി മരിച്ചു. ആന്തരികാവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. ഇന്ന് വൈകിട്ട് 4.45 മണിയോടെയാണ് പെണ്‍കുട്ടി മരിച്ചത്.

കഴിഞ്ഞ മാസം 29 ന് ഞായറാഴ്ച്ചയാണ് പെണ്‍കുട്ടിയോട് അച്ഛന്‍ കൊടും ക്രൂരത ചെയ്തത്. കമ്പി വിടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചശേഷമാണ് അച്ഛന്‍ കിളനാശിനി കുട്ടിയുടെ വായിലേക്ക് ബലമായി ഒഴിച്ച് നല്‍കിയത്. വിഷം അകത്ത് ചെയ്യന്നതിന് പിന്നാലെ കുഴഞ്ഞ് വീണ പെണ്‍കുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാളെ ആലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പൊലീസിനോട് അച്ഛന്റെ ക്രൂരത മകള്‍ തന്നെയാണ് മൊഴിയായി നല്‍കിയത്. സഹപാഠിയായ ആണ്‍കുട്ടിയുമായി പെണ്‍കുട്ടി പ്രണത്തിലാണെന്ന് അറിഞ്ഞതിന് പിന്നാലെയായിരുന്നു പിതാവിന്റെ ക്രൂരത. പ്രണയ ബന്ധം അറിഞ്ഞതിനുപിന്നാലെ ഫോണ്‍ ഉപയോഗിക്കരുതെന്നു പറഞ്ഞ് അതു പിടിച്ചുവാങ്ങിവച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി മറ്റൊരു ഫോണ്‍ ഉപയോഗിച്ച് ആണ്‍കുട്ടിയുമായുള്ള ബന്ധം തുടരുകയായിരുന്നു. ഇത് അറിഞ്ഞതോടെയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ പിതാവ് ശ്രമിച്ചതെന്ന് ആലുവ വെസ്റ്റ് പൊലീസ് പറയുന്നു.