
വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഗോഡൗണുകൾ, ഓഡിറ്റോറിയങ്ങൾ, വാടക ക്വാർട്ടേഴ്സുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ് പരിശോധന നടത്തിയത്.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യാത്തതും പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതും ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും നോട്ടീസ് നൽകുകയും ചെയ്തു.
ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തുടർന്നും പരിശോധനകൾ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.
പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ എ.എസ് . ഒ. കെ. ടി മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്. വേങ്ങര ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നയന. ഒ. വി, ഓഫീസ് അസിസ്റ്റന്റ് ഷിബു കിളിവായിൽ , സ്ക്വാഡ് അംഗങ്ങളായ സന്തോഷ് സി , ജംഷാദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
