
മലപ്പുറം : പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിനിയായ യുവതിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള 38 കാരിയുടെ പരിശോധന ഫലം പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചതോടെ മേഖലയില്‍ നിയന്ത്രണമേര്‍പ്പെടുത്തി. രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലെ നൂറിലധികം പേര്‍ ഹൈറിസ്‌ക് സമ്പര്‍ക്ക പട്ടികയിലാണ്. യുവതി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെടുന്ന യുവതി വെന്റിലേറ്ററിലാണ് കഴിയുന്നത്.
അതേസമയം 38കാരിയ്ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പാലക്കാട് ജില്ലാ ഭരണകൂടം. പ്രദേശത്തെ ആരാധനാലയങ്ങള്‍ അടച്ചിടാനും പള്ളികളിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥന ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, യുവതിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ആരും ചികിത്സയിലില്ല. യുവതിയുടെ 3 മക്കള്‍ക്കും നിലവില്‍ പനിയില്ല. വീട്ടുകാര്‍, അയല്‍വാസികള്‍, നാട്ടുകാര്‍ എന്നിവരും ഹൈറിസ്‌ക് പട്ടികയിലാണ് ഉള്‍പ്പെടുന്നത്.
വിശദമായ സമ്പര്‍ക്ക പട്ടിക ഉടന്‍ പൊലീസ് സഹായത്തോടെ ജില്ലാ ഭരണകൂടം തയ്യാറാക്കും. ഉച്ചയ്ക്ക് വനം, ആരോഗ്യം, വെറ്റിനറി, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് തച്ചനാട്ടുകര, കരിമ്പുഴ പഞ്ചായത്ത് അധികൃതര്‍ അവലോകനയോഗം ചേരും.
സമീപത്തുള്ളതെല്ലാം കുടുംബ വീടുകളാണെന്നതിനാല്‍ സംമ്പര്‍ക്കപ്പട്ടിക നീളാനാണ് സാധ്യത. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കും മുമ്പ് യുവതി മണ്ണാര്‍ക്കാട്, പാലോട്, കരിങ്കല്ലത്താണി എന്നിവിടങ്ങളിലെ സ്വകാര്യ ക്ലിനിക്കുകളില്‍ ചികിത്സ തേടിയിരുന്നു. നാട്ടുക്കല്‍ കിഴക്കുംപറം മേഖലയിലെ 3 കിലോമീറ്റര്‍ പരിധി കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
കഴിഞ്ഞ മാസം 29നാണ് കടുത്ത പനിയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരുടെ ചികിത്സ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതടക്കമുള്ള കാര്യങ്ങളില്‍ ഉടന്‍ ആരോഗ്യവകുപ്പ് തീരുമാനമെടുക്കും.