കഞ്ചാവിന്റെ ഗുണനിലവാരത്തെ ചൊല്ലി തര്‍ക്കം ; 4 പേര്‍ അറസ്റ്റില്‍, എംഡിഎംഎയും പിടികൂടി

കൊച്ചി: പുതുവത്സര ആഘോഷം ലക്ഷ്യമിട്ട് വാങ്ങിയ കഞ്ചാവിന്റെ ഗുണനിലവാരത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ 4 പേര്‍ അറസ്റ്റില്‍. കൊച്ചിയിലെ ലഹരിമാഫിയ സംഘത്തിലെ നാലുപേരാണ് അറസ്റ്റിലായത്. മണ്ണാര്‍ക്കാട് സ്വദേശികളായ അനസ്, അബുതാഹിര്‍, ഹരിപ്പാട് സ്വദേശികളായ അതുല്‍ദേവ്, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് രണ്ട് കിലോ കഞ്ചാവും എംഡിഎംഎയും പിടികൂടി.

കഴിഞ്ഞ ദിവസം മണ്ണാര്‍കാടുള്ള സംഘം ഹരിപ്പാടുള്ള സംഘത്തിന് 2 കിലോ കഞ്ചാവ് 60,000 രൂപയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ കഞ്ചാവിന് ഗുണനിലവാരമില്ലെന്നും പണം തിരികെ നല്‍കണമെന്നും ഹരിപ്പാടുള്ളവര്‍ ആവശ്യപ്പെട്ടു. ഇതു പ്രകാരം കൊച്ചിയിലെ മെട്രോ പില്ലറിനു സമീപം സംഘം കഞ്ചാവ് കൊണ്ടുവയ്ക്കുകയും മണ്ണാര്‍കാടു നിന്നുള്ളവര്‍ കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ പണം തിരിച്ചുനല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തേത്തുടര്‍ന്ന് മണ്ണാര്‍കാട് സംഘത്തെ ഹരിപ്പാട് സംഘം കാറില്‍ പിന്തുടരുകയും കാറുകള്‍ ഒരു പാര്‍ക്കിനുള്ളിലേക്ക് കയറി വര്‍ തമ്മില്‍ സംഘട്ടനത്തിലേര്‍പ്പെടുകയുമായിരുന്നു.

വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പൊലീസ് നടത്തിയ വിശദ പരിശോധനയില്‍ ഹരിപ്പാട് സ്വദേശിയില്‍നിന്ന് ഒരുഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. തുടര്‍ന്നാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തറിഞ്ഞത്. തുടര്‍ന്ന് എറണാകുളം സൗത്ത് പൊലീസിന്റെ നേതൃത്വത്തില്‍ പ്രതികള്‍ താമസിച്ചിരുന്ന എളമക്കരയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2 കിലോ കഞ്ചാവും പിടിച്ചെടുത്തു. ഒരാള്‍ ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി.

error: Content is protected !!