മുസ്ലിംലീഗിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി അവതാളത്തിൽ, പ്രവർത്തകന്മാരെ മാറി നടന്ന് പ്രാദേശിക നേതാക്കൾ

മലപ്പുറം : മുസ്ലിം ലീഗ് പ്രവർത്തകന്മാർക്ക് താങ്ങും തണലുമാകാൻ എന്ന പേരിൽ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി കൊട്ടിഘോഷിച്ച് ആരംഭിച്ച സാമൂഹ്യ സുരക്ഷാ പദ്ധതി അവതാളത്തിലായി. കൃത്യമായി സേവനം ലഭിക്കാത്തത് കാരണം പണമടച്ച പ്രവർത്തകരിൽ നിന്നും മാറി നടക്കേണ്ട അവസ്ഥയിലാണ് പ്രാദേശിക ലീഗ് നേതാക്കൾ. 2000 രൂപ അടച്ച് സുരക്ഷാ പദ്ധതിയിൽ അംഗമായ ആൾ മരണപ്പെട്ടാൽ കുടുംബത്തിന് 2 ലക്ഷം രൂപ അനുവ ദിക്കുന്നതാണ് പദ്ധതി. സുരക്ഷ സ്‌കീം കാലവധിക്കുള്ളിൽ രോഗിയായി ചികിത്സ തേടുകയാണെങ്കിൽ നിശ്ചിത തുക ചികിത്സ ചിലവ് അനുവദിക്കും എന്നതായിരുന്നു ഓഫർ. ഒന്നാം വർഷം 2000 രൂപയും തുടർന്നുള്ള വർഷം 1500 രൂപയുമാണ് പദ്ധതിയിൽ തുടരാൻ അടക്കേണ്ടത്. സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ വീഡിയോ സന്ദേശം ഉൾപ്പെടെ ജില്ലാ സംസ്‌ഥാന നേതാക്കൾ പദ്ധതിക്കായി പ്രചാരണം നടത്തിയിരുന്നു. സേവന വഴിയിൽ വീണു പോകുന്ന പ്രവർത്തകരെ സഹായിക്കാൻ ഒരു സേവന പദ്ധതി എന്ന പേരിലായിരുന്നു പ്രവർത്തകർക്കിടയിൽ പ്രചാരണം. മലപ്പുറം അസോസിയേഷൻ ഫോർ സെക്യൂരിറ്റി സ്‌കീം (മാസ് mass) എന്ന പേരിൽ റജിസ്ട്രേഷനും നടത്തിയിരുന്നു. ഓരോ പഞ്ചായത്ത് കമ്മിറ്റിക്കും വാർഡ് കമ്മിറ്റിക്കും പദ്ധതിയിൽ ആളെ ചേർക്കാൻ കർശന നിർദേശവും നൽകിയിരുന്നു. പഞ്ചായത്ത് തലത്തിൽ ഇതിനൊരു കോഡിനേറ്റർക്ക് ചുമതലയും നൽകിയിരുന്നു. പാർട്ടിയോടുള്ള വിശ്വാസത്തിന്റെ പേരിൽ പാവങ്ങൾ ഉൾപ്പെടെയുള്ള നിരവധി സാധാരണ പ്രവർത്തകർ അംഗമായി. ആദ്യത്തെ ഒന്നു രണ്ടു വർഷം വലിയ പരാതിയില്ലാതെ മുന്നോട്ട് പോയെങ്കിലും പിന്നീട് തുക കുറച്ചു. ആദ്യമൊക്കെ ഏതാനും മാസങ്ങൾക്കുള്ളിൽ ആനുകൂല്യം വിതരണം ചെയ്തിരുന്നു. ഇപ്പോൾ പദ്ധതി തന്നെ നിലച്ച മട്ടാണ്. ഒരു വർഷത്തിലേറെയായി ഇപ്പോൾ ആനുകൂല്യം വിതരണം ചെയ്‌തിട്ട്. ഈ ധനസഹായം കാത്തിരിക്കുകയാണ് പല കുടുംബങ്ങളും. ചികിത്സക്കുള്ള പണം ഉൾപ്പെടെ ഈ തുക കിട്ടുമെന്ന് കരുതി കടം വാങ്ങി ചിലവഴിച്ചവരുണ്ട്. പദ്ധതിയിൽ ചേർത്ത ലീഗ് ഭരവാഹികളോട് ചോദിക്കുമ്പോൾ ഉടനെ കിട്ടുമെന്ന മറുപടിയാണ് പറഞ്ഞിരുന്നത്. എന്നാൽ ഒരു വർഷത്തിലേറെ നീണ്ടു പോയതോടെ നേതൃത്വം പിടിച്ചു നിൽക്കാൻ പ്രയാസപ്പെടുകയാണ്. പ്രവർത്തകരെ കാണാതെ ഒഴിഞ്ഞു മാറി നടക്കുകയാണ് നേതാക്കൾ. ജില്ലാ നേതാക്കളോട് ചോദിക്കുമ്പോഴും ഉടനെ കിട്ടുമെന്ന മറുപടിയാണ്. അല്ലെങ്കിൽ ജില്ലാ കോർഡിനേറ്ററെ ബന്ധപ്പെടാനാണ് നേതൃത്വം പറയുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടമാണ് ജില്ല കോർഡിനേറ്റർ. പ്രാദേശിക ഭാരവാഹികൾ ജില്ലാ നേതൃത്തോട് ഒട്ടേറെ തവണ പരാതി ഉന്നയിച്ചെങ്കിലും അവരും കൈമലർത്തുകയാണ്. പാവപ്പെട്ടവരാണ് പണം നഷ്ടമായവരിൽ ഭൂരിഭാഗവും. വിശ്വസിച്ച പാർട്ടി നേതൃത്വം തന്നെ എട്ടിന്റെ പണി തന്നതിന്റെ സങ്കടത്തിലാണ് പ്രവർത്തകർ. ഇപ്പോൾ ചന്ദ്രിക ക്യാമ്പയിൻ നടക്കുന്ന സമയമാണ്. ഇതിൽ ഒരു തീരുമാനമാകാതെ ചന്ദ്രികക്ക് വരി ചേർത്താനാകില്ലെന്നാണ് പ്രാദേശിക നേതാക്കൾ പറയുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് വോട്ട് ചോദിക്കാൻ പോലും പോകാൻ പറ്റാത്ത അവസ്‌ഥയിലാണെന്ന് ചില നേതാക്കൾ പറഞ്ഞു. പല പാർട്ടി യോഗങ്ങളിലും ഇത് സംബന്ധിച്ച് വാക്ക് തർക്കങ്ങൾ ഉണ്ടാകുന്നുണ്ട്. പ്രവർത്തകരെ അഭിമുഖീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പഞ്ചായത്ത്, വാർഡ് നേതാക്കൾ.

സൗദിയിലെയും യു എ ഇ യിലെയും കെ എം സി സി കളുടെ നേതൃത്വത്തിൽ വർഷങ്ങളായി സുരക്ഷ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. അവയൊക്കെയും പരാതികളില്ലാതെ വൻ വിജയമായി പദ്ധതി തുടർന്ന് വരുന്നുണ്ട്. അതിനിടയിലാണ് പാർട്ടിക്ക് തന്നെ നാണക്കേടായ രീതിയിൽ ജില്ലയിലെ പദ്ധതി അവതാളത്തിലായത്. ഇതിന് ഉടനെ പരിഹാരം കാണണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. അതേസമയം, പദ്ധതിയിലെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്നാണ് ജില്ല കോഡിനേറ്റർ ഇസ്മയിൽ മൂത്തേടം പറയുന്നത്.

error: Content is protected !!