
തിരൂരങ്ങാടി: റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാവും പി ഡബ്ല്യു ഡി ജീവനക്കാരനും തമ്മിൽ കയ്യാങ്കളി. തിരൂരങ്ങാടി പി എസ് എം ഒ കോളജിന് സമീപത്ത് വെച്ചാണ് ഇരുവരും തമ്മിൽ കയ്യാങ്കളി ഉണ്ടായത്. തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി കക്കാട് സ്വദേശി പി കെ ഷമീം, പരപ്പനങ്ങാടി പി ഡബ്ല്യു ഡി ഓഫീസ് ഓവർസിയർ ഒഴൂർ പെരിഞ്ചേരി നാടയമ്പാടി പരപ്പാറ സഫീർ (35) എന്നിവർ തമ്മിലാണ് കയ്യാങ്കളി ഉണ്ടായത്. കുടിവെള്ള പദ്ധതിക്ക് പൈപ്പിടാൻ കീറിയ റോഡ് ബി എം ചെയ്യുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് തർക്കം. ഷമീമിൻ്റെ ഉടമസ്ഥതയിൽ ഉള്ള തിരൂരങ്ങാടി മാക്ട് കോളജിൻ്റെ മുന്നിലെ റോഡിൻ്റെ ഭാഗത്ത് കൂടി ടാർ ചെയ്യാൻ ആവശ്യപ്പെട്ടത് അംഗീകരിക്കാത്തത് സംബന്ധിച്ചാണ് തർക്കം എന്നാണ് അറിയുന്നത്. കോൺട്രാക്ടറോട് ഇക്കാര്യം ആവശ്യപ്പെട്ടപ്പോൾ ഓവർസിയർ ഇത് എതിർത്തു. ഇക്കാര്യം മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻ്റിനെ ഷമീം ഫോണിൽ വിളിച്ചു അറിയിക്കുമ്പോൾ, ഓവർസിയറെ പറ്റി മോശമായി പറഞ്ഞിരുന്നു. ഇത് കേട്ട് ചോദ്യം ഓവർസിയർ ചോദ്യം ചെയ്യാനെത്തിയപ്പോൾ പരസ്പരം അടിയുണ്ടാകുകയായിരുന്നു എന്നാണ് അറിയുന്നത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.
ഷമീം ആവശ്യപ്പെട്ട ഭാഗത്ത് ടാർ ചെയ്യുന്നത്
അംഗീകരിക്കാത്തതിൽ ക്ഷുഭിതനായി വളരെ മോശമായി പറയുകയും ഇത് ചോദ്യം ചെയ്തപ്പോൾ പിടിച്ചു തള്ളുകയും ഇടതു കൈ പിരിക്കാൻ ശ്രമിക്കുകയും നെഞ്ചിനും വയറിനും ചവിട്ടുകയും ചെയ്തെന്നാണ് ഓവർസിയറുടെ പരാതി.
അതേ സമയം, റോഡ് പണിയിലെ അപാകത ചോദ്യം ചെയ്ത യൂത്ത് ലീഗ് നേതാവിനെ മർദിച്ചെന്നാണ് യൂത്ത് ലീഗ് പറയുന്നത്.
: കുടിവെള്ളത്തിനായി കിളച്ച റോഡ് പണിയിലെ അപാകത ചോദ്യം ചെയ്ത യൂത്ത്ലീഗ് നേതാവിന് നേരെ ഉദ്യോഗസ്ഥന്റെ കയ്യേറ്റം. പരിക്കേറ്റ തിരൂരങ്ങാടി മണ്ഡലം മുസ്്ലിം യൂത്ത്ലീഗ് സെക്രട്ടറി പി.കെ ഷമീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കക്കാട് സ്വദേശിയായ ഷമീം തിരൂരങ്ങാടി മാക്ട് കോളേജിലെ അധ്യാപകനാണ്. തിരൂരങ്ങാടി ഭാഗത്തെ റോഡ് പണിയിലെ അപാകത ചൂണ്ടിക്കാട്ടിയപ്പോഴാണ് പരപ്പനങ്ങാടി പൊതുമരാമത്ത് വകുപ്പിലെ ഓവര്‍സിയര്‍ സഫീര്‍ അക്രമം അഴിച്ചു വിട്ടത്.
റോഡ് പണിയിലെ അപാകത തിരൂരങ്ങാടി മുന്‍സിപ്പില്‍ മുസ്്ലിംലീഗ് പ്രസിഡന്റ് റഫീഖ് പാറക്കലിനെ ഫോണിലൂടെ അറിയിക്കുന്ന സമയത്ത് ഇത് കേട്ടുനിന്ന ഇയാള്‍ ഫോണ്‍ തട്ടിപ്പറിക്കുകയും ഷമീമിനെ പിടിച്ചു തള്ളുകയുമായിരുന്നു. നിലത്ത് വീണ ഷമീമിനെ അവിടെയിട്ട് ചവിട്ടുകയും ചെയ്തു. ഇത് കണ്ടു ഓടിയെത്തിയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഉദ്യോഗസ്ഥനെ പിടിച്ചു മാറ്റുകയായിരുന്നു.
ഇയാള്‍ക്കെതിരെ ഷമീം തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാള്‍ ഗുണ്ടയെ പോലെയാണ് പെരുമാറിയതെന്നും കുട്ടികളെത്തി പിടിച്ചു മാറ്റിയില്ലായിരുന്നെങ്കില്‍ എന്റെ ജീവന് വരെ നഷ്ടമായേനെ എന്നും ഷമീം പറഞ്ഞു. ഒരു വിഭ്രാന്തി പോലെയായിരുന്നു ഇയാളുടെ പെരുമാറ്റമെന്നും ഷമീം പറഞ്ഞു.
തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്്ലിം യൂത്ത്ലീഗ് സെക്രട്ടറി പി.കെ ഷമീമിനെ അക്രമിച്ച ഉദ്യോഗസ്ഥനെതിരെ കേസെടുക്കണമെന്ന് തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്്ലിം യൂത്ത്ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. തിരൂരങ്ങാടി നഗരസഭയിലെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് റോഡ് കീറി മാസങ്ങള്‍ പിന്നിട്ടിട്ടും റോഡ് പണി നടത്തിയിരുന്നില്ല. ചെമ്മാട് സ്വദേശിയായ മുസ്തഫ കഴിഞ്ഞ ദിവസം റോഡിലെ കുഴിയില്‍ വീണ് മരണപ്പെടുന്ന സാഹചര്യമുണ്ടായപ്പോള്‍ ഉദ്യോഗസ്ഥനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് യൂത്ത്ലീഗ് ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള വിരോധത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥന്റെ അതിക്രമം എന്നാണ് കരുതുന്നത്.
തന്നെ തൊട്ടാല്‍ സര്‍വ്വീസിലുള്ളവരെ ആക്രമിച്ച വകുപ്പ് പ്രകാരം കേസെടുക്കുമെന്നും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് ജാമ്യം ലഭിക്കില്ലെന്നും ദൈര്യമുണ്ടെങ്കില്‍ തൊട്ടുനോക്കാന്‍ ഇയാള്‍ ഷമീമിനെ വെല്ലുവിളിച്ചെന്നും കൂടി നിന്നവര്‍ പറയുന്നുണ്ട്. സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ഇത്തരം ഗുണ്ടകളെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്യണമെന്നും യൂത്ത്ലീഗ് മണ്ഡലം പ്രസിഡന്റ് യു.എ റസാഖ് ആവശ്യപ്പെട്ടു.