
ആലപ്പുഴ: കരുവാറ്റ യിൽ 67 കാരനെ കൊന്നത് എട്ടാം ക്ലാസുകാരിയായ പേരക്കുട്ടിയുടെ ക്വട്ടേഷനിൽ കൂടെ പഠിക്കുന്ന കുട്ടികൾ. മുത്തച്ഛനെ കൊല്ലുന്നത് വീഡിയോ കാളിൽ കണ്ട് ഉറപ്പുവരുത്തി പേരക്കുട്ടി. സംഭവത്തിൽ ശിവൻകുട്ടിയുടെ മകളുടെ മകളെയും മൂന്ന് വിദ്യാർത്ഥികളെയുമാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടിലെ സ്വർണാഭരണങ്ങള്‍ മോഷ്ടിക്കാനായി നടത്തിയ കൊലപാതകത്തിന്റെ ലക്ഷ്യം പെണ്‍കുട്ടിക്ക് ഐ ഫോണും പ്രതികള്‍ക്ക് ബൈക്കും വാങ്ങലായിരുന്നെന്ന് പോലീസ് പറയുന്നു. കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപത്തെ വാടക വീട്ടിൽ താമസിച്ചിരുന്ന ശിവൻകുട്ടിയാണ് കൊല്ലപ്പെട്ടിരുന്നത്..
കൊലപാതകം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ വീഡിയോ കോളിലൂടെ പെണ്‍കുട്ടിക്ക് കാണിച്ചു കൊടുത്തതായി പോലീസ് പറയുന്നു. കൈകാലുകള്‍കൂട്ടിക്കെട്ടി അതിക്രൂരമായായിരുന്നു കൊലപാതകം. ഇന്നലെ രാവിലെയാണ് ശിവൻകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രതികളായ കുട്ടികളെല്ലാം കൊല്ലം സ്വദേശികളാണ്. ശിവൻകുട്ടിയും ഭാര്യയും മകളും ചെറുമകളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ശിവൻകുട്ടിയുടെ മകള്‍ ശ്രീകല ഗർഭിണിയായിരുന്നു. ഇതിന്റെ ഭാഗമായി മകളെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂട്ടിരിക്കാനായി ഭാര്യയും പോയി. ശിവൻകുട്ടിയും ചെറുമകളും തനിച്ചായി. കൊലപാതകം നടക്കുമ്പോള്‍ പെണ്‍കുട്ടി വീട്ടിലുണ്ടായിരുന്നില്ല. കുട്ടിയെ ബന്ധുവീട്ടിൽ ആക്കിയിരുന്നു.
ശിവൻകുട്ടിയുടെ കൊച്ചുമകള്‍ സ്കൂള്‍ വിദ്യാർഥിനിയാണ്. കുട്ടി കഴിഞ്ഞ ദിവസം ട്യൂഷൻ കഴിഞ്ഞെത്തിയപ്പോള്‍ വീട് പൂട്ടിയിട്ടിരുന്നു. ഇക്കാര്യം ആശുപത്രിയിലുള്ള അമ്മൂമ്മയെ വിളിച്ചു പറഞ്ഞപ്പോള്‍ കൂട്ടുകാരിയുടെ വീട്ടിലേക്കു പോകാൻ നിർദേശിച്ചു. കഴിഞ്ഞ ദിവസം പരീക്ഷയുണ്ടെന്ന പേരില്‍ അവിടെ നിന്ന് ഇറങ്ങിയ വിദ്യാർത്ഥിനിയാണ് വീട്ടിലെത്തി ആദ്യം മൃതദേഹം കണ്ടതായി അറിയിച്ചത്. വീട് തുറക്കാൻ കഴിയുന്നില്ല, അകത്ത് നിന്നും പൂട്ടിയിരിക്കുകയാണെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്.
പരിശോധനയില്‍ അടുക്കളവാതില്‍ തുറന്നു കിടക്കുന്നതായി കണ്ടെത്തി. ഈ വഴി അകത്തു കടന്നു പരിശോധിച്ചപ്പോഴാണ് കൈകാലുകള്‍ ബന്ധിച്ച നിലയില്‍ മൃതദേഹം ഡൈനിങ് ഹാളില്‍ കിടക്കുന്നത് കണ്ടത്.
മുത്തച്ഛൻ മരിച്ചു കിടക്കുന്നത് നേരിട്ട് കണ്ടിട്ടും കുട്ടിക്ക് ഭാവവ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ സംശയിച്ചിരുന്നില്ല. തുടർന്ന് പരീക്ഷ എഴുതാൻ സ്കൂളില്‍ പോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതോടെ പെരുമാറ്റത്തില്‍ സംശയം തോന്നി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തായത്.
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഇത് പ്രൊഫഷണല്‍ കൊലപാതകമല്ലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. വീടിനുള്ളില്‍ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം നിലനില്‍ക്കുന്നതിനിടെയാണ് എട്ടാം ക്ലാസുകാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് മനസ്സിലാക്കിയത്. 67 വയസുള്ള ശിവൻകുട്ടിയുടെ മൃതദേഹം വസ്ത്രമില്ലാത്ത നിലയിലാണ് കണ്ടെത്തിയത്.
കൈകളും കാലുകളും ബന്ധിച്ചിരുന്നു. വീട്ടിനുള്ളില്‍ മുഴുവൻ മുളകുപൊടി വിതറിയ നിലയിലായിരുന്നു. വീട്ടില്‍ നിന്ന് ആറ് പവൻ സ്വർണമാണ് മോഷണം പോയത്. പെണ്‍കുട്ടിക്ക് മുത്തച്ഛനോടുള്ള വൈരാഗ്യത്തിന്റെ കാരണം വ്യക്തമല്ല. കൂട്ടുപ്രതികള്‍ കൂടെ പഠിച്ചവരും പരിചയക്കാരുമാണ്.
പ്രായപൂർത്തിയായ ആരുടെയെങ്കിലും സഹായം പ്രതികള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ശ്വാസം മുട്ടിച്ചാണ് ശിവൻകുട്ടിയെ കൊലപ്പെടുത്തിയത്. രാത്രി വീട്ടിലെത്തിയ പ്രതികള്‍ ശൗചാലയത്തിന്റെ വെന്റിലേഷൻ വഴിയാണ് അകത്ത് കയറിയത്.