
സ്നാപ് ചാറ്റ് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നഗ്ന ഫോട്ടോകളും വിഡിയോകളും സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതിയെ തിരൂരങ്ങാടി പൊലീസ് പിടികൂടി. കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി എൻ.കെ.അനന്തു (22) വിനെയാണ് പിടികൂടിയത്. വിദ്യാർഥിനിയായ 16 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. സ്നാപ് ചാറ്റ് വഴിയാണ് യുവാവ് പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് ഭീഷണിപ്പെടുത്തി ലൈംഗിക ഉദ്യേശത്തോടെ സമീപിക്കുകയും സാമൂഹിക മാധ്യമ അക്കൗണ്ടിന്റെ പാസ്വേഡ് ഭീഷണിപ്പെടുത്തി വാങ്ങുകയും പെൺകുട്ടിയുടെ നഗ്ന ഫോട്ടോകളും വിഡിയോകളം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു അന്വേഷിച്ചു വരികയായിരുന്നു. ഇയാൾ വിദേശത്ത് പോകാനിരുന്ന ദിവസം സിഐ ബി.പ്രദീപ്കുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. എസ്ഐ കെ.പി.സഫ്വാൻ, എഎസ്ഐമാരായ എം.പി.സുബൈർ, സതീഷ്, മഞ്ജുഷ, സിപിഒമാരായ കെ.കെ.അനീഷ് ബാബു, പി.പി.രാജേഷ്, ഷബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
