
യുപിഐ വഴി വാണിജ്യ ഇടപാട് നടത്തുന്നവർക് ശ്രദ്ധിക്കേണ്ട മാറ്റമാണ് ഒക്ടോബർ 15 മുതല്‍ വരുന്നത്. 2000 രൂപയ്ക്ക് മുകളിലുള്ള ചില വാണിജ്യ യുപിഐ ഇടപാടുകള്‍ക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് അഥവാ എംഡിആർ ഈടാക്കാനാണ് പുതിയ തീരുമാനം.
എന്നാല്‍ ഈ തുക ഉപയോക്താവില്നിന്നല്ല, വ്യാപാരിയില്‍നിന്നാണ് ഈടാക്കുക.
പുതിയ സംവിധാനപ്രകാരം 2000 രൂപയ്ക്ക് മുകളിലുള്ള പേഴ്സണ്‍-ടു-മർച്ചന്റ് (പി2എം) ഇടപാടുകള്‍ക്ക് 0.4 ശതമാനം എംഡിആർ ബാധകമാകും. 75,000 രൂപയോ അതില്‍ കൂടുതലോ ഉള്ള ഇടപാടുകള്‍ക്ക് പരമാവധി 300 രൂപയായിരിക്കും ചാർജ്. അതായത് 75,000 രൂപയ്ക്ക് മുകളിലേക്ക് തുക ഉയർന്നാലും ഒരു ഇടപാടിന് ഈടാക്കാവുന്ന എംഡിആർ 300 രൂപയില്‍ കൂടില്ല. 2000 രൂപ വരെയുള്ള വാണിജ്യ ഇടപാടുകള്‍ക്ക് ഈ ചാർജ് ബാധകമല്ല.
2000 രൂപയ്ക്ക് മുകളിലുള്ള ചില ഇടപാടുകൾക്ക് 0.4 ശതമാനം വരെ ചാർജ് ഈടാക്കുന്ന രീതിയിലാണ് നിർദേശം.
നിലവിൽ 75,000 രൂപ വരെയുള്ള ഇടപാടുകൾക്ക് നിരക്ക് ഈടാക്കുന്നില്ലെന്നാണ് റിപ്പോർട്ട്. പുതിയ നിർദേശപ്രകാരം 300 രൂപ വരെ ചാർജ് വരാവുന്ന ഇടപാടുകളുമുണ്ടാകും.
നിർദേശിച്ചിരിക്കുന്ന നിരക്ക്:
2,000 രൂപ വരെ – ചാർജ് ഇല്ല
3,000 രൂപ വരെ – 0.4% (12 രൂപ)
10,000 രൂപ വരെ – 0.4% (40 രൂപ)
50,000 രൂപ വരെ – 0.4% (200 രൂപ)
75,000 രൂപയ്ക്ക് മുകളിൽ – 300 രൂപ വരെ
വാണിജ്യ ഇടപാടുകൾക്ക് 0.9 ശതമാനം വരെയുള്ള ചാർജും നിലവിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. ബാങ്കുകളും ഇടപാട് സേവനദാതാക്കളും തമ്മിലുള്ള സംവിധാനങ്ങൾക്കനുസരിച്ച് നിരക്കുകളിൽ വ്യത്യാസമുണ്ടാകാം.
2020 മുതൽ നിലവിലുള്ള ചാർജ് സംവിധാനത്തിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും, പുതിയ നിർദേശത്തോടെ വ്യാപാരികൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
വ്യക്തികള്‍ തമ്മിലുള്ള പേഴ്സണ്‍-ടു-പേഴ്സണ്‍ (പി2പി) യുപിഐ ഇടപാടുകള്‍ക്ക് പുതിയ ചാർജ് ബാധകമല്ല. അതേസമയം, പ്രതിമാസം യുപിഐ ക്യുആർ കോഡ് വഴി ഒരുലക്ഷം രൂപ വരെ സ്വീകരിക്കുന്ന ചെറുകിട വ്യാപാരികളെയും എംഡിആറില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തുടർച്ചയായി മൂന്ന് മാസങ്ങളില്‍ ഒരുലക്ഷം രൂപയില്‍ കൂടുതല്‍ സ്വീകരിക്കുന്ന വ്യാപാരികള്‍ക്ക് പുതിയ നിരക്കുകള്‍ ബാധകമാകും.
ഉപഭോക്താവില്‍നിന്ന് ഈ തുക നേരിട്ട് അധികചാർജായി ഈടാക്കാൻ വ്യാപാരികള്‍ക്ക് സാധിക്കില്ലെന്നാണ് വ്യവസ്ഥ. എന്നാല്‍, ഈ ചെലവ് വ്യാപാരികള്‍ സ്വന്തം നിലയില്‍ വഹിക്കുമോ അതോ ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയില്‍ പരോക്ഷമായി ഉള്‍പ്പെടുത്തുമോ എന്നതാണ് ഇനി ശ്രദ്ധിക്കേണ്ടത്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ യുപിഐ നിരക്ക് കുറവായതിനാല്‍ വ്യാപാരികള്‍ യുപിഐ ഉപയോഗം തുടരുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
