Tuesday, September 15

മീൻപിടിത്ത വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന യൂട്യൂബർ തംബുരുവിനെ (തംബുരു ക്വീൻഫിഷർ) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മീൻപിടിത്ത വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയ പ്രമുഖ യൂട്യൂബർ തംബുരുവിനെ (തംബുരു ക്വീൻഫിഷർ) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
.
വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനിയായ തംബുരുവിനെ പുളിഞ്ചുവട്ടിലെ വാടകവീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെ സ്കൂള്‍ കഴിഞ്ഞെത്തിയ മകളാണ് വീട്ടിനുള്ളില്‍ അമ്മയെ ജീവനൊടുക്കിയ നിലയില്‍ ആദ്യം കാണുന്നത്. നാടിനെയും സോഷ്യല്‍ മീഡിയ ലോകത്തെയും ഒരുപോലെ നടുക്കിയ സംഭവത്തില്‍ വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

‘തംബുരു ക്വീൻഫിഷർ’ എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ വ്യത്യസ്തമായ മത്സ്യബന്ധന രീതികളും നാടൻ ശൈലിയിലുള്ള വീഡിയോകളും പങ്കുവെച്ച്‌ ചുരുങ്ങിയ കാലം കൊണ്ടാണ് തംബുരു വലിയൊരു പ്രേക്ഷകവൃന്ദത്തെ സ്വന്തമാക്കിയത്. കായലിലും തോടുകളിലും ഇറങ്ങി ധൈര്യത്തോടെ മീൻപിടിക്കുന്ന ഇവരുടെ വീഡിയോകള്‍ക്ക് യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ടായിരുന്നു. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും സ്വന്തം അധ്വാനം കൊണ്ട് മുന്നേറാൻ ശ്രമിച്ച ഒരു സാധാരണ വീട്ടമ്മയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സുഹൃത്തുക്കളെയും കടുത്ത ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
കടുത്ത കുടുംബപ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന തംബുരു മകള്‍ക്കൊപ്പമാണ് പുളിഞ്ചുവട്ടിലെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. വൈകിട്ട് സ്കൂള്‍ വിട്ട് വീട്ടിലെത്തിയ മകള്‍ വാതില്‍ തുറന്നപ്പോഴാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടതും നിലവിളിച്ച്‌ അയല്‍വാസികളെ വിവരമറിയിച്ചതും. വിവരമറിഞ്ഞ് വൈക്കം പോലീസ് ഉടൻ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.