Friday, September 18

പരപ്പനങ്ങാടി എൽ.ബി.എസ് ഐ.ഐ.എസ്.ടി: സ്ഥലം ഏറ്റെടുക്കൽ നടപടികൾ പുരോഗതിയിൽ

എൽ.ബി.എസ് ഡയറക്ടറേറ്റിൽ പി.എം.എ. സമീർ എം.എൽ.എയുടെ സാന്നിധ്യത്തിൽ അവലോകനയോഗം

പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി (എൽ.ബി.എസ് ഐ.ഐ.എസ്.ടി) സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ എൽ.ബി.എസ് സെന്ററിൽ പി.എം.എ. സമീർ എം.എൽ.എയുടെ സാന്നിധ്യത്തിൽ അവലോകനയോഗം ചേർന്നു.

സ്ഥലം ഏറ്റെടുക്കൽ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള കർമ്മപദ്ധതികൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. പദ്ധതിയുടെ വിശദമായ പദ്ധതി രേഖയായ ഡി.പി.ആർ സർക്കാരിന് സമർപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും തീരുമാനിച്ചു. ഡി.പി.ആറിന്റെ മിനുക്കുപണികൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തീകരിച്ച് സർക്കാരിന് സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

പദ്ധതിക്ക് ആവശ്യമായ ഭരണാനുമതി സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് വേഗത്തിൽ പൂർത്തീകരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് പി.എം.എ. സമീർ എം.എൽ.എ പറഞ്ഞു.

പരപ്പനങ്ങാടിയിൽ എൽ.ബി.എസ് ഐ.ഐ.എസ്.ടി യാഥാർത്ഥ്യമാകുന്നതോടെ മലബാർ മേഖലയിലെ വിദ്യാർത്ഥികൾക്ക് ആധുനിക വിവരസാങ്കേതിക വിദ്യാഭ്യാസത്തിനുള്ള കൂടുതൽ അവസരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ തുടർ നടപടികൾക്കായി ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും എം.എൽ.എ അറിയിച്ചു.

അവലോകനയോഗത്തിൽ എൽ.ബി.എസ് ഡയറക്ടർ ഡോ. ജയമോഹൻ ജെ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ. ശരത്ചന്ദ്രൻ ഉണ്ണിത്താൻ, സ്പെഷ്യൽ ഓഫീസർ മുകുൾ ജോസഫ്, ഡെപ്യൂട്ടി ഡയറക്ടർ സാജൻ ജെറോം, അസിസ്റ്റന്റ് ഡയറക്ടർമാരായ നന്ദൻ, കണ്ണൻ, യു.ഡി. ക്ലാർക്ക് കെ. സത്യനാഥൻ, എൽ.ഡി. ക്ലാർക്ക് ശബരിനാഥ് എന്നിവർ പങ്കെടുത്തു.