Saturday, November 28

ദാറുല്‍ഹുദാ ബിരുദദാനം: പ്രാരംഭസമ്മേളനം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരൂരങ്ങാടി: ദാറുല്‍ഹുദായില്‍ നിന്ന് 12 വര്‍ഷത്തെ പഠന-പരിശീലനം പൂര്‍ത്തീകരിച്ച് ഹുദവി ബിരുദം സ്വീകരിക്കുന്ന 370 യുവപണ്ഡിതന്മാര്‍ക്കും സഹ്‌റാവിയ്യ ബിരുദം സ്വീകരിക്കുന്ന 33 സഹ്‌റാവിയ്യകള്‍ക്കുമുള്ള ബിരുദദാന ചടങ്ങുകളുടെ പ്രാരംഭ സമ്മേളനം ഇന്ന് മുഖ്യമന്ത്രി ശ്രീ. വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ, ഐ.ടി, & എ.ഐ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കട്ടി, പി.എം.എ സമീര്‍ എം.എല്‍.എ പങ്കെടുക്കും. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി ആധ്യക്ഷ്യം വഹിക്കും.
നാളെ രാവിലെ 10 മണിക്ക് നടക്കു സിബാഖ് സമാപന സെഷനില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് എന്‍ ശംസുദ്ദീന്‍ മുഖ്യാതിഥിയാകും. പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ അധ്യക്ഷനാകും.
ഫാത്തിമ സഹ്‌റാ ഇസ്‌ലാമിക് വനിതാ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ സഹ്‌റാവിയ്യകള്‍ക്കുള്ള സ്ഥാനവസ്ത്ര വിതരണം രാവിലെ പത്തര മണിക്കും സനദ് ദാനം ഉച്ചക്ക് ശേഷം മൂന്ന് മണിക്കും നടക്കും. സനദ് ദാനം പാണക്കാട് സയ്യിദത്ത് സുല്‍ഫത്ത് ബീവി നിര്‍വഹിക്കും.
മഗ്‌രിബിന് ശേഷം നടക്കുന്ന ഹുദവി ബിരുദദാന സമ്മേളനത്തിന്റെ സമാപന സംഗമം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ ചാന്‍സലര്‍ സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ പാണക്കാട് സനദ് ദാനം നിര്‍വഹിക്കും. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സനദ് ദാന പ്രഭാഷണം നടത്തും. സമസ്ത ജനറല്‍ സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്്‌ലിയാര്‍, ട്രഷറര്‍ എം.ടി അബ്ദുല്ല മുസ്്‌ലിയാര്‍ അനുഗ്രഹഭാഷണം നടത്തും. വൈസ് പ്രസിഡന്റ് എം.പി കുഞ്ഞിമുഹമ്മദ് മുസ്്‌ലിയാര്‍ നെല്ലായ പ്രാരംഭപ്രാര്‍ഥന നടത്തും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി, ഫിഷറീസ്, ഹാര്‍ബര്‍ വകുപ്പ് മന്ത്രി വി.ഇ അബ്ദുല്‍ ഗഫൂര്‍ വിശിഷ്ടാതിഥികളാകും. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറാംഗങ്ങള്‍, നിരവധി സാദാത്തീങ്ങള്‍, ഉലമാക്കള്‍, രാഷ്ട്രീയ-വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക അംഗങ്ങള്‍, പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.