അമേരിക്കയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയും നെതര്‍ലാന്‍ഡിലെ എല്‍സേവ്യര്‍ അക്കാദമിക് പബ്ലിക്കേഷന്‍സും ചേര്‍ന്ന് നടത്തിയ ഗവേഷകരുടെ ലോകറാങ്കിങ്ങില്‍ ഇടം നേടി കാലിക്കറ്റിലെ പ്രൊഫസറും. കെമിസ്ട്രി വിഭാഗത്തിലെ പ്രൊഫസറും പോളിമര്‍ സയന്‍സില്‍ ഗവേഷകനുമായ ഡോ. എം.ടി. രമേശനാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സ്റ്റാന്‍ഫഡിന്റെ റാങ്ക് പട്ടികയില്‍ ഇടം നേടിയത്. വിവിധ വിഷയങ്ങളിലായി ലോകത്തെ ഒരു ലക്ഷം മികച്ച ശാസ്ത്രജ്ഞരില്‍ നിന്ന് തയ്യാറാക്കുന്നതാണ് രണ്ട് ശതമാനം പേരുടെ പട്ടിക. കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് 39 പേര്‍ ഉള്‍പ്പെട്ടിട്ടുടണ്ട്. കാലിക്കറ്റില്‍ നിന്ന് ഡോ. രമേശന്‍ മാത്രമാണുള്ളത്. ഗ്രന്ഥകര്‍തൃത്വം, ഗവേഷണ പ്രബന്ധങ്ങളുടെ മികവ് കണക്കാക്കുന്ന എച്ച് ഇന്‍ഡക്സ്, സൈറ്റേഷന്‍സ് എന്നിവയാണ് റാങ്കിങ്ങിന് ആധാരം. പ്രശസ്തമായ രാജ്യാന്തര ജേണലുകളില്‍ നൂറ്റിമുപ്പതോളം പ്രബന്ധങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് ഇരുന്നൂറോളം റാങ്ക് മുന്നിലേക്ക് എത്തിയ ഡോ. രമേശന് പട്ടികയിലെ സ്ഥാനം 1079 ആണ്. റാങ്ക് പട്ടികയില്‍ ഇടം നേടിയവരെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് മുഖ്യാതിഥിയായി. കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി. സുധീര്‍ അധ്യക്ഷനായി. തിരുവനന്തപുരം സി.എസ്.ഐ.ആര്‍. ഡയറക്ടര്‍ ഡോ. എ. അജയഘോഷ്, സര്‍ക്കാറിന്റെ ശാസ്ത്രോപദേഷ്ടാവ് എം.സി. ദത്തന്‍, എം.ജി. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ബിനുജ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.