പരപ്പനങ്ങാടി: നിത്യേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന അപകടങ്ങൾ പതിയിരിക്കുന്ന തിരൂർ – കോഴിക്കോട് പാതയിലെ റെയിൽവേ മേൽപ്പാലം ജംഗ്‌ഷനിൽ ശാസ്ത്രീയമായ രീതിയിലുള്ള ട്രാഫിക് സംവിധാനം ഏർപ്പെടുത്തുക, പ്രാദേശിക – ഇതര ഭാഷയിലുമായി ദിശാസൂചന ബോർഡുകൾ സ്ഥാപിക്കുക, മേൽപ്പാലത്തിലേതടക്കം മാസങ്ങളായി പ്രവർത്തനരഹിതമായ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പരപ്പനാട് ഡവലപ്പ്മെന്റ് ഫോറം (പി ഡി എഫ്) മേൽപ്പാലം ജംഗ്ഷനിൽ പ്രതിഷേധ തീപന്തം സമരം നടത്തി . ചമ്രവട്ടം പാത വന്നതോടു കൂടി കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്നതും ശബരിമല സീസണാകുന്നതോടെ ഇത് ഇരട്ടിയാവുകയും ചെയ്യും രൂക്ഷമായ ഗതാഗതകുരുക്ക് അനുഭവപ്പെടുകയും ചെയ്യും. ട്രാഫിക് സംവിധാനമില്ലാത്തതിനാലും ദിശാസൂചന ബോർഡുകൾ ഇല്ലാത്തതിനാലും ദൂരെ നിന്നും വരുന്ന വാഹനങ്ങൾ ആശയക്കുഴപ്പത്തിലായി ട്രാഫിക് തെറ്റിച്ച് പോകുന്നത് കാരണം അപകടങ്ങൾ നടക്കുകയും തലനാരിഴക്കാണ് പല യാത്രികരും രക്ഷപ്പെട്ടത്. ജംഗ്ഷൻ മുന്നറിയിപ്പ് നൽകി ബോർഡ് സ്ഥാപിക്കുകയും അപകടങ്ങൾ നടന്ന് അത്യാഹിതം സംഭവിക്കുന്നതിന് മുമ്പ് ട്രാഫിക് സംവിധാനം ഒരുക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധ സമരം മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു.. യു. ഷാജി മുങ്ങാത്തം തറ അദ്ധ്യക്ഷത വഹിച്ചു. റഫീഖ് ബോംബെ, പി.പി.അബൂബക്കർ , സി.സി അബ്ദുൽ ഹക്കീം എന്നിവർ പ്രസംഗിച്ചു. ഏനു കായൽ മഠത്തിൽ, മുഹമ്മദാലി, ഷബീർ, ഖാജാ മൊഹ് യുദ്ധീൻ , എന്നിവർ നേതൃത്വം നൽകി.