പരപ്പനങ്ങാടി പുത്തരിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഞായര്‍ ഒ.പി തുടങ്ങാന്‍ തീരുമാനം

പരപ്പനങ്ങാടി : പുത്തരിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഞായര്‍ ഒ.പി തുടങ്ങാന്‍ തീരുമാനം. ഇന്നലെ അടിയന്തിരമായി കൂടിയ ഹോസ്പിറ്റല്‍ എച്ച്എംസി യോഗത്തിലാണ് തീരുമാനം. നഗരസഭ ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഞായര്‍ ഒ.പി സമയം രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും പരിശോധന 1 മണി വരെയും ആയിരിക്കുമെന്ന് യോഗത്തില്‍ അറിയിച്ചു.

നഗരസഭ ഒരു ഡോക്ടറെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും ഈവെനിംഗ് ഒ.പി തുടങ്ങുന്നതിനായി നിയമിച്ചു കഴിഞ്ഞത് കൊണ്ട് ഇനി വീണ്ടും സ്റ്റാഫുകളെ നിയമിക്കണമെങ്കില്‍ സര്‍ക്കാറിന്റെ അനുമതി വേണമെന്നുള്ളതിനാല്‍ അനുമതിക്കായി ആരോഗ്യ മന്ത്രിക്ക് കഴിഞ്ഞ ആഴ്ച്ച ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദ് അപേക്ഷ നല്‍കിയിരുന്നു. അനുമതി കിട്ടുന്നത് വരെ എച്ച്എംസി ഫണ്ട് ഉപയോഗിച്ച് ഞായര്‍ ഒ.പി തുടങ്ങുന്ന കാര്യവും ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ എച്ച്എംസി ഫണ്ട് ഉപയോഗിച്ച് പുതിയ രണ്ട് സ്റ്റാഫുകളെ നിയമിക്കാനുള്ള ഫണ്ട് ഇല്ലാത്തതിനാല്‍ നിയമനം നടത്തുന്ന രണ്ട് സ്റ്റാഫുകള്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം ഡ്യൂട്ടി നല്‍കി ഞായര്‍ ഒ.പി ആരംഭിക്കാനും തീരുമാനിക്കുകയായിരുന്നു.

പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് അധ്യക്ഷതായിലാണ് യോഗം ചേര്‍ന്നത്. ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ കെ ഷഹര്‍ബാനു, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഖൈറുന്നിസ താഹിര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സീനത്ത് ആലിബാപ്പു, കൗണ്‍സിലര്‍ ഫാത്തിമ റഹീം, സിഡിഎസ് ചെയര്‍പേഴ്‌സന്‍ സുഹറാബി, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ രമ്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സബിത, എച്ച് എം സി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു

error: Content is protected !!