വയനാട് ചുരത്തിൽ ഗതാഗത നിയന്ത്രണം; നാളെ രാത്രി എട്ടിനുശേഷം വാഹനങ്ങൾ കടത്തി വിടില്ല

കൽപറ്റ : വയനാട് ചുരത്തിലൂടെ കൂറ്റൻ ട്രെയ്‌ലറുകൾ കയറ്റിവിടുന്നതിനാൽ നാളെ രാത്രി ഗതാഗത നിയന്ത്രണം. നിലവിൽ അടിവാരത്ത് നിർത്തിയിട്ടിരിക്കുന്ന ട്രയ്‌ലറുകൾ രാത്രി 11ന് ചുരം വഴി വയനാട്ടിലൂടെ കര്‍ണാടകയിലെ നഞ്ചന്‍കോട്ടേക്കാണ് പോകുന്നത്. കോഴിക്കോട് ജില്ലാ ഭരണകൂടമാണ് ചുരം വഴി കടന്നു പോകാൻ അനുമതി നൽകിയത്.
നാളെ രാത്രി 8 മുതല്‍ വയനാട് ചുരം യാത്രയ്ക്ക് ഗതാഗത ക്രമീകരണമേർപ്പെടുത്തും. രാത്രി 9ന് ശേഷം ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ കടത്തിവിടില്ല. 8 മണി മുതല്‍ വയനാട് ജില്ലയില്‍ നിന്നും താമരശ്ശേരി ചുരം വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും വയനാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

വയനാട് ചുരം വഴിയുള്ള യാത്രയ്ക്ക് ഏർപ്പെടുത്തിയ ബദൽ മാർഗങ്ങൾ

  1. ബത്തേരി ഭാഗത്തുനിന്നും കല്‍പറ്റ-വൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചരക്ക് ലോറികളും വലിയ വാഹനങ്ങളും നാളെ രാത്രി 8 മണി മുതല്‍ ബീനാച്ചി- പനമരം വഴിയോ, മീനങ്ങാടി -പച്ചിലക്കാട് വഴിയോ പക്രതളം ചുരം വഴിയോ പോകണം. മാനന്തവാടിയില്‍ നിന്നുള്ള വാഹനങ്ങളും ഇപ്രകാരം പോകേണ്ടതാണ്.
  2. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ രാത്രി 9 ന് ശേഷം കല്‍പറ്റയില്‍ നിന്നും പടിഞ്ഞാറത്തറ വഴി പക്രതളം ചുരത്തിലൂടെ പോകണം.
  3. ബത്തേരി, കല്‍പ്പറ്റ ഭാഗങ്ങളില്‍ നിന്നും തൃശൂര്‍, മലപ്പുറം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ തമിഴ്നാട് നാടുകാണി ചുരം വഴി പോകണം.
  4. രാത്രി 9ന് ശേഷം കല്‍പ്പറ്റ, മേപ്പാടി, പടിഞ്ഞാറത്തറ ഭാഗങ്ങളില്‍നിന്നും വൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്ക് ആംബുലന്‍സ് ഒഴികെ മറ്റൊരു വാഹനവും പോകാന്‍ അനുവദിക്കില്ല.

ചുരത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ചുരം ഒന്നാം വളവു മുതല്‍ എട്ടാം വളവ് വരെയുള്ള പൊളിഞ്ഞ ഭാഗങ്ങളില്‍ റോഡിന്റെ അറ്റകുറ്റ പ്രവൃത്തിയാണ് നടത്തുന്നത്. നിരവധി വാഹനങ്ങള്‍ മണിക്കൂറോളമായി കുടുങ്ങി കിടക്കുകയാണ്. വണ്‍വേ അടിസ്ഥാനത്തില്‍ ചിലയിടങ്ങളില്‍ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ടെങ്കിലും വാഹനങ്ങളുടെ നീണ്ട നിരയാണ് ചുരത്തിലുള്ളത്.

error: Content is protected !!