ബഡ്സ് സ്‌കൂള്‍ അധ്യാപകര്‍ക്ക് വേതനം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും: സ്പീക്കര്‍

താഴേക്കോട് : ബഡ്സ് സ്‌കൂള്‍ അധ്യാപകര്‍ക്ക് വേതനം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. താഴേക്കോട് വെള്ളപ്പാറയില്‍ താഴേക്കോട് ഗ്രാമപഞ്ചായത്ത് നിര്‍മിക്കുന്ന ബഡ്സ് സ്‌കൂള്‍ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മറ്റു അധ്യപകരെ അപേക്ഷിച്ച് ബഡ്സ് സ്‌കൂള്‍ അധ്യാപകര്‍ക്ക് വേതനം കുറവാണ്. അത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികള്‍ക്ക് മുഴുവന്‍ ജനങ്ങളും പിന്തുണ നല്‍കണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദ പദ്ധതികള്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

60 ലക്ഷം രൂപ ചെലവിലാണ് കെട്ടിടവും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നത്. പൊന്നോത്ത് പൂക്കോട്ടില്‍ അബ്ദുല്‍ഖാദര്‍ ഹാജി സൗജന്യമായി നല്‍കിയ സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നത്. രണ്ട് നിലകളിലായി ക്ലാസ് മുറികള്‍, ഓഫീസ്, വൊക്കേഷനല്‍ റൂം, ഡൈനിങ് ഹാള്‍, തെറാപ്പി റൂം, ശുചിമുറികള്‍, അടുക്കള എന്നിവ ഉണ്ടാവും.

താഴേക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സോഫിയ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മൊയ്തുപ്പു പിലാക്കല്‍, സ്ഥിരം സമിതി അധ്യക്ഷരായ ടി ഷീല, അച്ചിപ്ര മുസ്തഫ, ടി ഷിജില, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗിരിജ ബാലകൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദലി, വി.പി റഷീദ്, സെക്രട്ടറി എല്‍. ബാലാജി, സി.ഡി.എസ് പ്രസിഡന്റ് രാജേശ്വരി, റവ. ഫാ. ജോസഫ് ഏഴാനിക്കാട്ടില്‍ (സെന്റ് ജോസഫ് ചര്‍ച്ച്) , രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജോസ് പണ്ടാരപ്പള്ളി, എം.ടി അഫ്‌സല്‍, മുഹമ്മദലി ആലായന്‍, ഓങ്ങല്ലൂര്‍ ഹമീദ്, ടി.ടി മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.

error: Content is protected !!