പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച, മലബാറിലെ വിദ്യാര്‍ത്ഥികളുടെ ആശങ്കകളെ ദുരാരോപണമെന്നും നിക്ഷിപ്ത താല്പര്യമെന്നും ആക്ഷേപിച്ചുള്ള വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ പരാമര്‍ശം അപക്വവും അന്തസിന് നിരക്കാത്തതുമാണെന്ന് എസ്എസ്എഫ്. മുന്‍ വര്‍ഷങ്ങളില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് വാദമെങ്കില്‍, കേരളത്തിലെ പ്ലസ് വണ്‍ സീറ്റുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കാര്‍ത്തികേയന്‍ നായര്‍ കമ്മിറ്റിയെ നിശ്ചയിക്കുകയും അതിന്റെ റിപ്പോര്‍ട്ട് സ്വീകരിക്കുകയും ചെയ്തത് എന്തിനാണ് എന്നത് കൂടി മന്ത്രി വ്യക്തമാക്കണമെന്നും എസ്എസ്എഫ് പ്രസ്താവനിലൂടെ ആവശ്യപ്പെട്ടു.
വടക്കന്‍ ജില്ലകളില്‍ ആവശ്യത്തിന് സീറ്റില്ല എന്ന കാര്യം സര്‍ക്കാര്‍ കണക്കുകളില്‍ നിന്നു തന്നെ വ്യക്തമാണ്. കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കണമെന്നും അഭിരുചിക്ക് അനുസരിച്ചുള്ള സ്ട്രീമുകള്‍ വേണമെന്നുമുള്ള വിദ്യാര്‍ത്ഥികളുടെ കാലങ്ങളായുള്ള ആവശ്യം ഇപ്പോഴും യാഥാര്‍ഥ്യമാകാതെ കിടക്കുകയാണ്. തികച്ചും അശാസ്ത്രീയമായി, ഒരു ക്ലാസില്‍ 65 മുതല്‍ 70 വരെ കുട്ടികളെ ഇരുത്തുന്നതിനുള്ള ഉത്തരവുകള്‍ ഇറക്കിയാണ്, കാലാകാലങ്ങളിലുള്ള സര്‍ക്കാറുകള്‍ ഇതിനെ കൈകാര്യം ചെയ്യാറുള്ളതെന്നും എസ്എസ്എഫ് കുറ്റപ്പെടുത്തി.
മികച്ച മാര്‍ക്ക് നേടിയിട്ടും പ്ലസ് വണ്ണിന് സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകളില്‍ സീറ്റ് ലഭിക്കാതെ പ്രയാസപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നേരെ കൊഞ്ഞനം കുത്തുന്നതിന് തുല്യമാണ് മന്ത്രിയുടെ പ്രസ്താവന. സീറ്റുകളും ബാച്ചുകളും കുറവുള്ളത് വടക്കന്‍ കേരളത്തിലെ ജില്ലകളില്‍ ആണെന്ന വസ്തുത നിലനില്‍ക്കെ, അനാരോഗ്യകരമായ വടക്ക് – തെക്ക് വിലയിരുത്തലാണ് നടക്കുന്നതെന്ന് കേരളത്തിന്റെ മുഴുവന്‍ പ്രദേശങ്ങളുടെയും ഉത്തരവാദിത്തമുള്ള മന്ത്രി ആരോപിക്കുന്നത് സാമൂഹ്യനീതിയെ വെല്ലുവിളിക്കുന്ന വില കുറഞ്ഞ സമീപനമാണെന്നും എസ്എസ്എഫ് പ്രസ്താവനയിലൂടെ പറഞ്ഞു.