ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയില്ല ; യുവാവ് പഞ്ചായത്ത് ഓഫീസിന് തീയിട്ടു

മലപ്പുറം: ലൈഫ് പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് യുവാവ് മലപ്പുറം കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസിന് തീയിട്ടു. കീഴാറ്റൂര്‍ സ്വദേശി മുജീബ് റഹ്‌മാന്‍ ആണ് തീയിട്ടത്. മുജീബിനെ മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പൊള്ളലേറ്റ മുജീബിനെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയ ശേഷമാണ് സ്റ്റേഷനിലേക്ക് എത്തിച്ചത്. ബുധനാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് സംഭവം.

എട്ടാം വാര്‍ഡിലെ താമസക്കാരനായ മുജിബ് റഹ്‌മാനന്‍ ലൈഫ് ഭവന പദ്ധതിയില്‍ വീട് ലഭിക്കുന്നതിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു. 94-ാമതായാണ് മുജീബ് ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ ലിസ്റ്റിലെ 50 പേര്‍ക്ക് വീടുകള്‍ അനുവദിക്കാനാണ് പഞ്ചായത്ത് തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ വീട് ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഇയാള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു

കുപ്പിയില്‍ പെട്രോളുമായി പഞ്ചായത്ത് ഓഫിസില്‍ എത്തിയ മുജീബ് ഫയലുകള്‍ക്ക് മുകളിലേക്ക് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. ഉച്ചസമയമായതിനാല്‍ കൂടുതല്‍ ഉദ്യോഗസ്ഥരും ഭക്ഷണം കഴിക്കാനായി പോയിരിക്കുകയായിരുന്നു. മൂന്നു പേര്‍ മാത്രമാണ് ഓഫിസില്‍ ഉണ്ടായിരുന്നത്. 10 കമ്പ്യൂട്ടറുകളും നിരവധി ഫയലുകളും പ്രിന്ററും ഫര്‍ണീച്ചറുകളും കത്തിനശിച്ചു. ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേന സ്ഥലത്തെത്തി തീയണച്ചു.

error: Content is protected !!