പൊന്നാനി : കുടുംബശ്രീ 25-ാം വാർഷികത്തോടനുബന്ധിച്ച് 2023-24 വർഷത്തിൽ നടപ്പാക്കുന്ന ഇതര പദ്ധതികളുടെയും 25 തനതു പദ്ധതികളുടെയും ജില്ലാതല റോൾ ഔട്ട് ശിൽപ്പശാല സംഘടിപ്പിച്ചു. പൊന്നാനി എവറസ്റ്റ് ആട്രിയം കൺവെൻഷൻ സെൻററിൽ നടന്ന ചടങ്ങ് പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു.
വനിതകളുടെ സാമ്പത്തിക ശാക്തീകരണം, സാമൂഹ്യ ശാക്തീകരണം, സ്ത്രീശാക്തീകരണം എന്നിവ മുൻനിർത്തിയും സ്ത്രീകളുടെ വ്യത്യസ്ത തല കഴിവുകളെയും അവരുടെ പ്രത്യേക നൈപുണ്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. കുടുംബശ്രീ അംഗങ്ങൾ, കുടുംബശ്രീ കുടുംബാംഗങ്ങൾ, ആശ്രയ ഗുണഭോക്താക്കൾ, പട്ടിക വിഭാഗക്കാർ, മറ്റു പാർശ്വവത്കരിക്കപ്പെട്ട വിഭാഗക്കാർ, ട്രാൻസ്‌ജെൻഡേഴ്‌സ് തുടങ്ങിയ വ്യത്യസ്ത തലങ്ങളിൽ ഉൾപ്പെട്ടവരാണ് ഗുണഭോക്താക്കൾ. കുടുംബശ്രീ വനിതകൾക്ക് ആയോധന കല പരിശീലിപ്പിക്കുന്ന ‘ധീര’ പദ്ധതിയുടെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു.
ജില്ലയിലെ മികച്ച സി.ഡി.എസ് ആയി തിരഞ്ഞെടുത്ത മമ്പാട് സി.ഡി.എസ്, രണ്ടാം സ്ഥാനത്തിന് അർഹരായ പോരൂർ, വാഴയൂർ സി.ഡി.എസുകൾക്കും മൂന്നാം സ്ഥാനം കരസ്ഥമാക്കിയ വഴിക്കടവ്, മലപ്പുറം സി.ഡി.എസ്-2 എന്നിവർക്കുള്ള ഉപഹാരം നൽകി.
കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ ജാഫർ കെ കക്കൂത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന കുടുംബശ്രീ പ്രോഗ്രാം മാനേജർ സി. നിഷാദ്, ജില്ലാ പ്രോഗ്രം മാനേജർ പി. റിജേഷ്, പൊന്നാനി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, ജില്ലാ പ്രോഗ്രാം മാനേജർ റൂബി രാജ് തുടങ്ങിയവർ പങ്കെടുത്തു.