തേഞ്ഞിപ്പലം : നീന്തല്‍ പ്രതിഭകളെ വളര്‍ത്താനായി കാലിക്കറ്റ് സര്‍വകലാശാല ആരംഭിച്ച സ്വിമ്മിങ് അക്കാദമിക്ക് ആദ്യ ചാമ്പ്യന്‍ഷിപ്പില്‍ കൈനിറയെ മെഡലുകള്‍. നിലമ്പൂര്‍ പീവിസ് സ്‌കൂളില്‍ ജില്ലാ അക്വാട്ടിക് അസോസിയേഷന്‍ നടത്തിയ ചാമ്പ്യന്‍ഷിപ്പില്‍ 20 സ്വര്‍ണവും 11 വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ മൂന്നാം സ്ഥാനം അക്കാദമി കരസ്ഥമാക്കി. കഴിഞ്ഞ രണ്ട് വേനലവധിക്കാലങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സര്‍വകലാശാലാ നീന്തല്‍ക്കുളത്തില്‍ പരിശീലന ക്യാമ്പ് നടത്തിയിരുന്നു. അറുനൂറോളം പേരാണ് ഇതില്‍ പങ്കെടുത്തത്. മികച്ച പ്രകടനം നടത്തിയവരെ കണ്ടെത്തി സൗജന്യമായി തുടര്‍പരിശീലനവും നല്‍കി. ഈ വര്‍ഷമാണ് അക്കാദമി തുടങ്ങിയത്. 19 പേര്‍ പങ്കെടുത്തതില്‍ 10 പേര്‍ മെഡല്‍ നേടി. ടി.എ. ഹര്‍ഷ്, എ. അക്ഷയ് (ജി.എം.എച്ച്.എസ്.എസ്. സി.യു. കാമ്പസ്), കെ. അഭിനവ് (കെ.എച്ച്.എം.എച്ച്.എസ്.എസ്. വാളക്കുളം), വി. വരുണ്‍കൃഷ്ണ (സെന്റ് പോള്‍സ് ഇ.എം.എച്ച്.എസ്.എസ്., തേഞ്ഞിപ്പലം), പി. യോഗ്, പി. ആദിയ (ഭവന്‍സ് സ്‌കൂള്‍ ചേലേമ്പ്ര), അമേയ കെ. പ്രദീപ് (തേഞ്ഞിപ്പലം എ.യു.പി.എസ്.), കെ.പി. അനുഷ് പ്രഭ് (യു.എ.എം.യു.പി.എസ്., ഓമാനൂര്‍), സിദ്ധാര്‍ഥ് ശങ്കര്‍ (ജി.യു.പി.എസ്., അരിയല്ലൂര്‍), ഹംദി ബീരാന്‍ (സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് മഞ്ചേരി) എന്നിവരാണ് ജില്ലാ ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ ജേതാക്കള്‍. സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് വിരമിച്ച ജെ.സി. മധുകുമാര്‍, സൂര്യ സുരേന്ദ്രന്‍, ഷെനിന്‍, പി. ബിജു എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. സര്‍വകലാശാലാ പരിസരത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളെ നീന്തല്‍ പരിശീലിപ്പിക്കാന്‍ പ്രത്യേക പദ്ധതി ഒരുങ്ങുന്നതായി കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു. ആഴ്ചയില്‍ രണ്ട് ദിവസം ഒരു മണിക്കൂര്‍ വീതം നീന്തല്‍ക്കുളത്തില്‍ പരിശീലനം നല്‍കുന്നതാണ് പരിപാടി. അന്താരാഷ്ട്ര നിലവാരത്തിലുള്ളതും 50മീ., 25മീ. ട്രാക്കുകളോടു കൂടിയതുമായ നീന്തല്‍ക്കുളത്തിലെ പരിശീലനം കുട്ടികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസമേകും.