മേരി മാട്ടി മേരാ ദേശ് പ്രചാരണ പരിപാടിക്ക് തുടക്കമായി

മലപ്പുറം : മേരി മാട്ടി മേരാ ദേശ് (എൻറെ മണ്ണ്, എൻറെ രാജ്യം) ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം പൂക്കോട്ടൂർ മൈലാടിയിൽ ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ നിർവഹിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ആഗസ്റ്റ് ഒമ്പത് മുതല്‍ 15 വരെ ദേശവ്യാപകമായി നടക്കുന്ന പരിപാടിയുടെ ഭാഗമായാണ് മേരിമാട്ടി മേരാ ദേശ് ക്യാമ്പയിന്‍ നടക്കുന്നത്.

പരിപാടിയില്‍ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ മുഹമ്മദ് ഇസ്മയിൽ അധ്യക്ഷത വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാൻ മുഖ്യാതിഥിയായി. പരിപാടിയുടെ ഭാഗമായി 75 വൃക്ഷത്തൈകള്‍ നട്ട് അമൃത് വാടിക നിര്‍മ്മിച്ചു.

രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള പഞ്ച് പ്രാണ്‍ പ്രതിജ്ഞ ജില്ലാ കളക്ടര്‍ ചൊല്ലിക്കൊടുത്തു. നെഹ്‌റു യുവ കേന്ദ്ര, ത്രിതല പഞ്ചായത്തുകള്‍, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, നാഷണല്‍ സര്‍വീസ് സ്‌കീം, യുവജന ക്ലബ്ബുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും 75 വൃക്ഷത്തൈകള്‍ നടും.

ആഗസ്റ്റ് 16 മുതല്‍ ബ്ലോക്ക് തല പരിപാടികള്‍ സംഘടിപ്പിക്കും. പഞ്ചായത്തുകളില്‍ നിന്നും ശേഖരിച്ച മണ്ണ് ഡല്‍ഹിയില്‍ 27 ന് എത്തിക്കും.

പരിപാടിയില്‍ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ കമറുന്നീസ, തദ്ദേശ വകുപ്പ് ജോയിൻ്റ് ഡയറക്ടർ പ്രീതി മേനോൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിൻ്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ പി.ജി വിജയകുമാർ, തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.കെ മുരളി, എൻ.വൈ.കെ കോഡിനേറ്റർ ഡി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

error: Content is protected !!