മലപ്പുറത്ത് അധ്യാപികയുടെ വസ്ത്ര ധാരണം കാരണം വിദ്യാര്‍ത്ഥികള്‍ ശരിയായി യൂണിഫോം ധരിക്കുന്നില്ല ; സ്‌കൂളിലെ വസ്ത്രധാരണ തര്‍ക്കത്തിന് പരിഹാരം കണ്ട് മനുഷ്യാവകാശ കമ്മീഷന്‍

Copy LinkWhatsAppFacebookTelegramMessengerShare

മലപ്പുറം: അധ്യാപികയുടെ വസ്ത്രധാരണ രീതി പ്രധാനാധ്യാപിക ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സ്‌കൂളിലുണ്ടായ വിവാദങ്ങള്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് രമ്യമായി പരിഹരിച്ചു.കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജു നാഥിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ക്കും പരാതികള്‍ക്കും വെടിനിര്‍ത്തലുണ്ടായത്.

എടപ്പറ്റ സി കെ എച്ച് എം ജി എച്ച് എസ് സ്‌കൂളിലാണ് പരാതിക്ക് ഇടയാക്കിയ സംഭവമുണ്ടായത്. അധ്യാപിക ലെഗിന്‍സ് ധരിക്കുന്നതു കാരണം കുട്ടികള്‍ ശരിയായി യൂണിഫോം ധരിക്കുന്നില്ലെന്ന് പ്രധാനാധ്യാപിക പറഞ്ഞതാണ് പരാതിക്ക് കാരണമായത്. അധ്യാപകര്‍ക്ക് അവരുടെ സൗകര്യാനുസരണം വസ്ത്രം ധരിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് അധ്യാപിക കമ്മീഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞു.

മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറോട് പരാതിയില്‍ പരിഹാരം കാണാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.തുടര്‍ന്ന് ഉപഡയറക്ടര്‍ (ഡി ഡി) സ്‌കൂള്‍ സന്ദര്‍ശിച്ച് അധ്യാപികയെയും പ്രധാനാധ്യാപികയെയും നേരില്‍ കേട്ടു. അധ്യാപകരുടെ വസ്ത്രധാരണ രീതിയില്‍ സര്‍ക്കാര്‍ പറഞ്ഞിരിക്കുന്ന സൗകര്യപ്രദം എന്ന വാക്ക് വ്യക്തിപരമായി തീരുമാനിക്കാമെന്ന് ഡി.ഡി. കമ്മീഷനെ അറിയിച്ചു. ഏത് വസ്ത്രത്തിനാണ് മാന്യതയുള്ളതെന്നും ഇല്ലാത്തതെന്നും തീര്‍ത്തു പറയാനാവില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ സേവന പെരുമാറ്റ ചട്ടങ്ങള്‍ക്കുള്ളില്‍ നിന്ന് രമ്യമായും സൗമ്യമായും തീര്‍ക്കേണ്ട ഒരു വിഷയം സങ്കീര്‍ണ്ണമാക്കിയതില്‍ അധ്യാപികക്കും പ്രധാനാധ്യാപികക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പത്രമാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പ്രസ്താവനകള്‍ ചട്ടവിരുദ്ധമാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് അധ്യാപിക അറിയിച്ചു. പരാതിക്കാരി നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചതായും ഡി.ഡി. അറിയിച്ചു. ഇതേ തുടര്‍ന്ന് പരാതിക്കാരിക്ക് മറ്റൊരു സ്‌കൂളിലേക്ക് സ്ഥലം മാറ്റം നല്‍കി. വിഷയം രമ്യമായി പരിഹരിക്കാതിരുന്ന പ്രധാനാധ്യാപികക്ക് പരാതിക്ക് ഇട നല്‍കാത്ത വിധം പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ലിംഗ വിവേചനം കാണിച്ച പ്രധാനാധ്യാപികയെ സ്ഥലം മാറ്റണമെന്ന് പരാതിക്കാരി കമ്മീഷന്‍ മുമ്പാകെ ആവശ്യപ്പെട്ടുഡി ഡി യുടെ ഇടപെടല്‍ നിക്ഷ്പക്ഷവും മാത്യകാപരവുമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാവേണ്ട അധ്യാപകര്‍ ഇത്തരത്തില്‍ ബാലിശമായി പെരുമാറരുതെന്ന് കമ്മീഷന്‍ താക്കീത് നല്‍കി. ഇത്തരത്തിലുള്ള സമീപനം അപലപനീയമാണെന്നും ഉത്തരവില്‍ പറഞ്ഞു. പരാതി പരിഹരിച്ചതിനെ തുടര്‍ന്ന് കേസ് തീര്‍പ്പാക്കി.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!