തിരുവനന്തപുരം: സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിച്ച് പുതുക്കണമെന്നാവശ്യപെട്ട് എല്‍പിജി ട്രക്ക് തൊഴിലാളികളുടെ സൂചന പണിമുടക്ക് കാരണം സംസ്ഥാനത്ത് ഇന്ന് രാവിലെ പാചക വാതക വിതരണം തടസപെട്ടു. രാവിലെ ആറ് മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയാണ് സൂചന സമരം നടത്തിയത്. സൂചന സമരത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ അടുത്ത മാസം അഞ്ചുമുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. ഡ്രൈവര്‍മാര്‍ പണിമുടക്കുന്നതോടെ സംസ്ഥാന വ്യാപകമായി പാചകവാതക വിതരണം നിലയ്ക്കും.
ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട് സിലിണ്ടര്‍ ട്രക്ക് ഉടമകളും ഡ്രൈവര്‍മാരും തമ്മിലെ തര്‍ക്കമാണ് പണിമുടക്കിലേക്ക് വഴിവെച്ചത്. കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ച കരാര്‍ വര്‍ദ്ധനവോടെ പുതുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇത് സംബന്ധിച്ച് ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ പല തവണ ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല.