കൊണ്ടോട്ടി നഗരസഭയിൽ ‘നാടിന്റെ എഴുത്തുകാരെ നാടാകെ വായിക്കട്ടെ’ പദ്ധതിക്ക് തുടക്കം

കൊണ്ടോട്ടി : ലൈബ്രറി സംസ്‌കാരത്തെ നശിപ്പിക്കാൻ വെമ്പൽ കൊള്ളുന്ന ആൻഡ്രോയ്ഡ് ജീവിതങ്ങൾ സമൂഹത്തിൽ അതിവേഗം വളർന്നുവരുന്നതായി എം.പി അബ്ദുസ്സമദ് സമദാനി എം.പി. നഗരസഭയുടെ അക്ഷരശോഭ പദ്ധതിയുടെ ഭാഗമായി എഴുത്തുകാരെ ആദരിക്കുന്നതിനായി നടത്തിയ ‘നാടിന്റെ എഴുത്തുകാരെ നാടാകെ വായിക്കട്ടെ’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗൂഗിളിൽ തിരഞ്ഞാൽ എല്ലാം ലഭിക്കില്ല. വായനക്കുപകരം തിരച്ചിൽ എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. മൊബൈലിൽനിന്ന് ലഭിക്കുന്നതിൽ കൂടുതലും ഉപയോഗശൂന്യമായ കാര്യങ്ങളാണ്. കുട്ടികൾ ഭക്ഷണം കഴിക്കണമെങ്കിൽ മൊബൈൽ വേണമെന്ന രീതിയിലേക്ക് മാറിയതിന്റെ ദുരന്തം ഇനിയും സമൂഹം അനുഭവിക്കാനിരിക്കുന്നതേയുള്ളൂ. വീടുകളിൽ പുസ്തകങ്ങളുണ്ടാവണമെന്നും ചിന്തകൾക്ക് പകരം ഇലക്ട്രോണിക് ഉപകരണങ്ങൾ മതിയെന്ന ചിന്തയാണ് ലോകത്തെ ഏറ്റവും വലിയ അപകടമെന്നും സമദാനി പറഞ്ഞു.

എഴുത്തുകാരുടെ പുസ്തകങ്ങൾ വാങ്ങി സ്‌കൂളുകൾക്കും ലൈബ്രറികൾക്കും നൽകുന്നതിനായി നഗരസഭ തയാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് എഴുത്തുകാരെ ആദരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശസ്ഥാപനം ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. സ്‌കൂളുകൾക്കും ലൈബ്രറികൾക്കുമുള്ള പുസ്തക സഞ്ചി വിതരണം ടി.വി ഇബ്രഹിം എം.എൽ.എ നിർവ്വഹിച്ചു.

നഗരസഭാ ചെയർപേഴ്സൺ സി.ടി ഫാത്തിമത്ത് സുഹറാബി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി. സനൂപ്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ അഷ്റഫ് മടാൻ, മിനിമോൾ, എം. മുഹ്യുദ്ദീൻ അലി, അബീന പുതിയറക്കൽ, കെ സ്വാലിഹ്, ശിഹാബ് കോട്ട എന്നിവർ സംസാരിച്ചു.

ഹംസ കയനിക്കര, ഉമർ മധുവായി, ആബിദാ ഹുസൈൻ, മുസ്തഫ മുണ്ടപ്പലം, കെ.എ മജീദ് കൊളത്തൂർ, ഡോ. സി. അനീസ് മുഹമ്മദ്, അബ്ദുൽഅലി കളത്തിങ്ങൽ, ഇമ്പിച്ചിബാവ, ഇ.കെ. സെയ്തലവി, പി. സജുല എന്നിവരെയാണ് ആദരിച്ചത്.

സുരേഷ് നീറാട് എഴുത്തുകാരെ പരിചയപ്പെടുത്തി. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ റംല കൊടവണ്ടി സ്വാഗതവും കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ റോയിച്ചൻ ഡൊമനിക് നന്ദിയും പറഞ്ഞു.

error: Content is protected !!