പുളിക്കൽ പഞ്ചായത്തിലെ 200 ലൈഫ് വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചു
കേരളത്തിന്റെ മതനിരപേക്ഷ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരുടെ ഗൂഢശ്രമങ്ങൾ രാഷ്ട്രീയഭേദമന്യേ ജനങ്ങൾ ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പികണമെന്ന് നിയമസഭാ സ്പീക്കർ എൻ.എം ഷംസീർ പറഞ്ഞു. കേരളത്തിലെ സമാധാനന്തരീക്ഷം തകർക്കാൻ സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. ജനങ്ങളുൾക്കിടയിൽ ആശങ്കപടർത്തി സമൂഹത്തിൽ സ്പർധ വളർത്താനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ നേരിടണം. പുളിക്കൽ ഗ്രാമപഞ്ചായത്തിൽ നിർമാണം പൂർത്തിയായ 200 ലൈഫ് വീടുകളുടെ താക്കോൽ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീട് എന്നത് എല്ലാവരുടെയും അടിസ്ഥാന ആവശ്യമാണ്. അവ നിറവേറ്റാനും വികസന പ്രവർത്തനങ്ങളിലും രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിക്കണം. സാമൂഹിക ഉത്തരവാദിത്തമായി കണ്ട് ജനകീയ പങ്കാളിത്തത്തോടെ ഇത്തരം കാര്യങ്ങൾ നടപ്പാക്കണം. ഭവന നിർമാണത്തിൽ പങ്കാളികളാവുന്ന ബഹുജന സംഘടനകളെയും വ്യക്തികളെയും പ്രാത്സാഹിപ്പിക്കണമെന്നും സ്പീക്കർ ആഹ്വാനം ചെയ്തു.
ചടങ്ങിൽ പഞ്ചായത്ത് ബഡ്‌സ് സ്‌കൂളിന് പുതിയ കെട്ടിടം നിർമിക്കാനും അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി കെ.പി ഹുസൈൻ മെമ്മോറിയൽ ട്രസ്റ്റ് നൽകിയ 20 സെന്റ് ഭൂമിയുടെ പ്രമാണം സ്പീക്കർ ഏറ്റുവാങ്ങി. നവീകരിച്ച പഞ്ചായത്ത് ഹാളിന് ആദ്യ പ്രസിഡന്റ് കെ.പി കുറിച്ചത്ത് ബീരാൻ കുട്ടിയുടെ പേര് നൽകൽ ചടങ്ങും ഇതോടൊപ്പം നടന്നു.
ടി.വി ഇബ്രാഹിം എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മുഹമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സറീന ഹസീബ്, പി.കെ സി അബ്ദുറഹ്‌മാൻ, സുഭദ്രാ ശിവദാസൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.പി മുജീബ് റഹ്‌മാൻ, എം.സലാഹ്, കുഴിമുള്ളി ഗോപാലൻ, ഷീജാ പാപ്പാടൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ബേബി രജനി, സ്ഥിരം സമിതി അധ്യക്ഷരായ സിദ്ധീഖ് കോന്തേടൻ, ആയിഷാബി ടീച്ചർ, കെ.ടി സുഹറ ചേലാട്ട്, പഞ്ചായത്ത് അംഗങ്ങൾ, വിവിധ ജന പ്രതിനിധികൾ ലൈഫ് ജില്ലാ കോ-ഓഡിനേറ്റർ എൻ ദേവകി, സെക്രട്ടറി വിനോദ് ഓലശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.