കോഴിക്കോട് : കിഡ്നി രോഗിയെ വാഹനത്തിൽ ഡയാലിസിസിന് കൊണ്ടുപോകാൻ തടസം സൃഷ്ടിച്ച് വഴിയിൽ ചെങ്കല്ലും മണ്ണും ഇറക്കി വാഹനഗതാഗതം തടസപ്പെടുത്തിയെന്ന പരാതിയിൽ അടിയന്തിരമായി ഇടപെടാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർക്കാണ് കമ്മീഷൻ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്.
വാഹനഗതാഗതം തടസപ്പെടുത്തരുതെന്ന കൊയിലാണ്ടി മുൻസിഫ് കോടതിയുടെ വിധി ഉണ്ടായിരിക്കെയാണ് ചേമഞ്ചേരി തുവക്കോട് വടക്കെ വളപ്പിൽ മിഥുൻ വഴി തടസ്സപ്പെടുത്തുന്നതെന്ന് പരാതിയിൽ പറയുന്നു. തുവക്കോട് സ്വദേശി സുജേഷാണ് പരാതിക്കാരൻ. സുജേഷിന്റെ ഭാര്യയുടെ ഡയാലിസിസാണ് മുടക്കുന്നത്. പരാതിക്കാരന്റെ ഭാര്യയുടെ അച്ഛന്റെ സഹോദരന്റെ മകനാണ് മിഥുൻ.
ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി വഴിയിലുണ്ടായ തടസ്സം നീക്കാൻ ശ്രമിച്ചപ്പോൾ മിഥുൻ ബഹളമുണ്ടാക്കിയെന്നും തുടർന്ന് ഭാര്യയുടെ രോഗം മൂർച്ഛിച്ചെന്നും പരാതിയിൽ പറയുന്നു. ഒടുവിൽ സുഹൃത്തുക്കളുടെ സഹായത്തോടെ ഭാര്യയെ കസേരയിലിരുത്തി റോഡിൽ കൊണ്ടുവന്ന ശേഷമാണ് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് പരാതിയിൽ പറയുന്നു.