കോഴിക്കോട്: കളമശേരി സ്ഫോടനത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടലിനെ പ്രശംസിച്ച് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ നല്ല രീതിയില്‍ പ്രശ്നം ഉണ്ടായപ്പോള്‍ ഇടപെട്ടെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.
സ്ഫോടനവുമായി ബന്ധപ്പെട്ട് സത്യം പുറത്ത് വരുന്നതിന് മുന്‍പ് തന്നെ വ്യാജപ്രചാരണങ്ങള്‍ നടന്നു. സ്ഫോടനത്തെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. കാളപെറ്റു എന്ന് കേട്ടപ്പോള്‍ കയറെടുക്കുന്ന അവസ്ഥയാണ് നടന്നത്. എന്നാല്‍ വര്‍ഗീയ പ്രശ്നം ആകുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ നല്ല രീതിയില്‍ ഇടപെട്ടു. പ്രതിയെ ഉടന്‍ പിടികൂടിയത് നേട്ടമായെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗുമായി സമസ്തയ്ക്ക് പ്രശ്നമില്ലെന്ന് പറഞ്ഞ അദ്ദേഹം എല്ലാ രാഷ്ട്രീയ കക്ഷികളുമായും നല്ല ബന്ധമാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു.