കോഴിക്കോട്: സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ ക്ഷണം നിരസിച്ച് മുസ്ലിം ലീഗ്. സെമിനാറില്‍ പങ്കെടുക്കില്ലെന്ന് ലീഗുമായി ബന്ധപ്പെട്ട് നേതാക്കള്‍ അറിയിച്ചു. ഇതുസംബന്ധിച്ച തീരുമാനം എടുക്കുന്നതിനായി നേരത്തെ തീരുമാനിച്ച യോഗം നടത്തില്ല. അതിനുപകരം കൂടിയാലോചനക്ക് ശേഷം പെട്ടെന്ന് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് ലീഗിന്റെ നീക്കം.
പലസ്തീന്‍ ഐക്യദാര്‍ഢ്യം ഒരു രാഷ്ട്രീയ പ്രശ്‌നമല്ലെന്നും ആരു വിളിച്ചാലും പങ്കെടുക്കാമെന്നുള്ളതാണ് നിലപാടെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. പ്രസ്താവന പുറത്തുവന്ന ഉടന്‍ തന്നെ സിപിഎം ലീഗിനെ റാലിയിലേക്കു ക്ഷണിക്കുകയും ചെയ്തു
സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗ് സഹകരിക്കുമെന്നും റാലിയിലേക്ക് ക്ഷണിച്ചാല്‍ ഉറപ്പായും പങ്കെടുക്കുമെന്നുമായിരുന്നു ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞത്. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. ഏക സിവില്‍ കോഡ് സെമിനാറില്‍ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ക്ഷണം ലഭിച്ചതായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഫോണിലൂടെയാണ് ക്ഷണം ലഭിച്ചത്. പങ്കെടുക്കണമോയെന്ന കാര്യത്തില്‍ കോഴിക്കോട്ട് നടക്കുന്ന മുതിര്‍ന്ന നേതാക്കളുടെ കൂടിയാലോചനയില്‍ തീരുമാനമെടുക്കുമെന്നുമായിരുന്നു സലാം പറഞ്ഞത്.
കോഴിക്കോട് ലീഗ് ഹൗസില്‍ ഉച്ചക്ക് രണ്ടിനാണ് യോഗം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി പ്രത്യേക യോഗം വേണ്ടെന്നും കൂടിയാലോചനകള്‍ക്കു ശേഷം പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം പ്രഖ്യാപിക്കാമെന്നുള്ള തീരുമാനത്തില്‍ നേതാക്കളെത്തുകയായിരുന്നു. വൈകാതെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.
ഈ മാസം 11നു കോഴിക്കോടു നടക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. അതേസമയം, പലസ്തീന്‍ വിഷയത്തില്‍ യോജിക്കാവുന്ന മുഴുവന്‍ സംഘടനകളെയും ഒരുമിച്ച് അണിനിരത്താനാണ് സിപിഎം തീരുമാനം. വ്യക്തമായ നിലപാടില്ലാത്തതിനാല്‍ പ്രക്ഷോഭങ്ങളില്‍ കോണ്‍ഗ്രസിനെ സഹകരിപ്പിക്കില്ല. തീവ്ര നിലപാടുള്ള മുസ്ലീംസംഘടനകളേയും മാറ്റി നിര്‍ത്തും. പ്രശ്‌നത്തില്‍ മുസ്ലീംലീഗ് നിലപാട് ശരിയെന്ന വിലയിരുത്തലും ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉണ്ടായി. കോഴിക്കോട് സെമിനാറില്‍ ലീഗ് പങ്കെടുത്താലും ഇല്ലെങ്കിലും അവരെ ക്ഷണിച്ചത് ശരിയായ തന്ത്രമാണെന്നും സിപിഎം വിലയിരുത്തുന്നു. ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന സമിതി യോഗവും ഈ വിഷയം ചര്‍ച്ചചെയ്യും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും സംസ്ഥാന സമിതിയുടെ അജണ്ടയിലുണ്ട്.