കാലിക്കറ്റ് സര്‍വകലാശാലയുടെ ഗവേഷണ നേട്ടങ്ങളും പദ്ധതികളും പൊതുസമൂഹത്തിലേക്കെത്തിക്കാന്‍ ത്രിദിന സൗജന്യ പ്രദര്‍ശനമൊരുങ്ങുന്നു. നവംബര്‍ 16, 17, 18 തീയതികളില്‍ സര്‍വകലാശാലാ കാമ്പസിനകത്തും പഠനവകുപ്പുകളിലുമായാണ് പരിപാടി. ഗവേഷണ ലാബുകള്‍, സസ്യോദ്യാനം, പഠനവകുപ്പ് മ്യൂസിയങ്ങള്‍ തുടങ്ങിയവയെല്ലാം സന്ദര്‍ശിക്കാനും അടുത്തറിയാനും അവസരമുണ്ടാകും. രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് സമയം.
സര്‍വകലാശാലാ വകുപ്പുകള്‍ക്ക് പുറമെ ഐ.എസ്.ആര്‍.ഒ., കോഴിക്കോട് മെഡിക്കല്‍ കോളേജ്, സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കെ.എഫ്.ഐര്‍.ഐ., സി.ഡബ്ല്യു.ആര്‍.ഡി.എം., കൊച്ചിന്‍ റിഫൈനറീസ്, കുഫോസ് തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകും.
ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സന്ദര്‍ശിക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാകും.