കായികതാരങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ അവാര്‍ഡുകള്‍ നല്‍കി കാലിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാലയുടെ കായികപുരസ്‌കാരച്ചടങ്ങില്‍ വിതരണം ചെയ്തത് 25 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ്. അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ മത്സരങ്ങളില്‍ ജേതാക്കളായവര്‍, ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സര്‍വകലാശാലാ താരങ്ങള്‍ കാലിക്കറ്റിലെ മുന്‍ താരങ്ങള്‍ എന്നിവരെയാണ് അനുമോദിച്ചത്. മന്ത്രി വി. അബ്ദുറഹ്‌മാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. ഓവറോള്‍ വിഭാഗത്തിലും പുരുഷ-വനിതാ വിഭാഗങ്ങളിലും മികച്ച കോളേജിനുള്ള അവാര്‍ഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കരസ്ഥമാക്കി. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ്, ഫാറൂഖ് കോളേജ് എന്നിവയ്ക്കാണ് ഓവറോള്‍ വിഭാഗത്തില്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍. ഇത്തവണ ആറ് ടീമിനങ്ങളിലാണ് കാലിക്കറ്റ് അഖിലേന്ത്യാ ചാമ്പ്യന്മാരായത്. മൂന്നെണ്ണത്തില്‍ റണ്ണറപ്പും ആറെണ്ണത്തില്‍ മൂന്നാം സ്ഥാനവും നേടി.

വ്യക്തിഗത ഇനങ്ങളില്‍ 77 മെഡലുകളുണ്ട്. 287 കായിക താരങ്ങളാണ് അവാര്‍ഡിനര്‍ഹരായത്. ഏഷ്യന്‍ ഗെയിംസ് താരങ്ങളായ ആന്‍സി സോജന്‍, മുഹമ്മദ് അജ്മല്‍, മുഹമ്മദ് അനസ് എന്നിവര്‍ പങ്കെടുത്തു. ദേശീയ വനിതാ ക്രിക്കറ്റ് താരം മിന്നുമണിക്ക് വേണ്ടി പിതാവ് മണിയും ലോങ്ജമ്പ് മെഡല്‍ ജേതാവ് ശ്രീശങ്കറിന് വേണ്ടി മാതാവ് ബിജി മോളും അവാര്‍ഡ് ഏറ്റുവാങ്ങി.

രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് യു. ഷറഫലി, ഏഷ്യന്‍ ഗെയിംസ് ഡെപ്യൂട്ടി ചീഫായ ഒളിമ്പ്യന്‍ രാമചന്ദ്രന്‍, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. പി.പി. പ്രദ്യുമ്നന്‍, കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡയറക്ടര്‍ ഡോ. കെ.പി. മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!